ഇന്ത്യ

നാടുകടത്തിയിട്ട് ഒരു മാസം; ഇന്ത്യയിലേക്ക് വീണ്ടും അനധികൃതമായി കടന്ന ബംഗ്ലാദേശ് യുവതി അറസ്റ്റിൽ

ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച യുവതി അറസ്റ്റിൽ. 27 വയസ്സുകാരിയായ നാദിറ സുൽത്താന ആണ് മുംബൈ പൊലീസിൻ്റെ പിടിയിലായത്. ഒരു മാസം മുമ്പ് ഇവരെ ഇന്ത്യയിൽനിന്ന് നാടുകടത്തിയിരുന്നു.

women arest in mumbai
women arest in mumbai

മുംബൈ: ഇന്ത്യയിലേക്ക് അനധികൃതമായി വീണ്ടും പ്രവേശിച്ച ബംഗ്ലാദേശ് യുവതി അറസ്റ്റിൽ. 27 വയസ്സുകാരിയായ നാദിറ സുൽത്താന ആണ് മുംബൈ പൊലീസിൻ്റെ പിടിയിലായത്. ഒരു മാസം മുമ്പ് ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് നടകടത്തിയതിന് പിന്നാലെ ആണ് ഇവർ ഇന്ത്യയിലേക്ക് വീണ്ടും രേഖകളില്ലാതെ പ്രവേശിച്ചത്. നാടുകടത്തപ്പെട്ട ഇവർ എങ്ങനെയാണ് ഇന്ത്യയിലേക്ക് വീണ്ടും പ്രവേശിച്ചതെന്ന് പൊലീസ് അന്വേഷച്ചു വരികയാണ്. ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

സൗത്ത് മുംബൈയിലുള്ള ഗംദേവി പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. അനധികൃത റൂട്ട് വഴി ഇന്ത്യയിലേക്ക് പ്രവേശിച്ച യുവതി സാധുവായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചുവരികയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് യുവതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഗിർഗാവ് ചൗപാട്ടിയോട് ചേർന്ന പ്രദേശത്തെ നടപ്പാതയിലൂടെ ബംഗ്ലാദേശിയെന്ന് സംശയിക്കുന്ന യുവതി കറങ്ങുന്നുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.

പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ വ്യക്തമായ രേഖകൾ കാണാക്കാതെ യുവതി പരുങ്ങിയതോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള സാധുവായ രേഖകളില്ലെന്ന് കണ്ടെത്തി. കഴിഞ്ഞ മാസമാണ് ഇവരെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇവർ അനധികൃത റൂട്ടിലൂടെ വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിച്ചു മുംബൈയിൽ എത്തുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.


അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.