റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ; യൂബറും ഒലയും നിരീക്ഷണത്തിൽ
യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് അധിക ചാർജ് ഈടാക്കിയെന്ന പരാതിയിൽ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ. ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക ഈടാക്കുന്നുവെന്ന പരാതിയിൽ യൂബറും ഒലയും നിരീക്ഷണത്തിലാണ്.

യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ പ്രേരിപ്പിക്കുന്ന രീതികൾ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA). ‘കൺഫേം ഷെയിമിംഗ്’, ‘ഇന്റർഫേസ് ഇന്റർഫെറൻസ്’ തുടങ്ങിയ ഡാർക്ക് പാറ്റേൺ രീതികൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിച്ചതായാണ് അതോറിറ്റിയുടെ കണ്ടെത്തൽ.
അനാവശ്യ പ്രീ-റൈഡ് ടിപ്പിംഗ്, ഡൈനാമിക് പ്രൈസിംഗ് തുടങ്ങിയ രീതികൾക്കെതിരെയും സിസിപിഎ നടപടി ശക്തമാക്കിയിട്ടുണ്ട്. ‘ഗൈഡ്‌ലൈൻസ് ഫോർ പ്രിവൻഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഡാർക്ക് പാറ്റേൺസ്, 2023’ പ്രകാരം നിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് റാപ്പിഡോ, ഒലാ, യൂബർ, നമ്മ യാത്രി എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് സിസിപിഎ നേരത്തെ നോട്ടീസ് നൽകിയിരുന്നു.
റാപ്പിഡോയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ
കൺഫേം ഷെയിമിംഗ്:
യാത്ര ബുക്ക് ചെയ്യുന്നതിനിടെ കൂടുതൽ തുക നൽകിയില്ലെങ്കിൽ റൈഡ് ലഭിക്കില്ലെന്ന തരത്തിലുള്ള ധാരണ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന രീതിയാണ് ‘കൺഫേം ഷെയിമിംഗ്’. നിരക്ക് വർധിപ്പിച്ചാൽ റൈഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രദർശിപ്പിച്ച് കൂടുതൽ തുക നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചതായാണ് സിസിപിഎയുടെ കണ്ടെത്തൽ.
ഇന്റർഫേസ് ഇന്റർഫെറൻസ്:
റാപ്പിഡോയുടെ ‘സെറ്റ് യുവർ പ്രൈസ്’ സംവിധാനത്തിൽ കളർ കോഡിംഗ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിച്ചതായും അതോറിറ്റി കണ്ടെത്തി. നിരക്ക് ഉയർത്തുമ്പോൾ ‘റൈഡ് ലഭിക്കാൻ ഉയർന്ന സാധ്യത’ എന്ന സന്ദേശം പച്ച നിറത്തിൽ കാണിച്ചപ്പോൾ, നിരക്ക് കുറയ്ക്കുമ്പോൾ ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള മുന്നറിയിപ്പുകളാണ് നൽകിയിരുന്നത്. നിരക്ക് വർധിപ്പിക്കുന്നതിനുള്ള ഓപ്ഷന് കൂടുതൽ പ്രാധാന്യവും കുറഞ്ഞ നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന് പരിമിതമായ സൗകര്യവുമാണ് നൽകിയിരുന്നതെന്നും സിസിപിഎ ചൂണ്ടിക്കാട്ടി.
പ്രീ-റൈഡ് ടിപ്പിംഗിനും നടപടി
യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് ടിപ്പ് നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന രീതിയെയും സിസിപിഎ ചോദ്യം ചെയ്തു. സാധാരണയായി സേവനം പൂർത്തിയായ ശേഷമാണ് ടിപ്പ് നൽകുന്നതെന്നും, സേവനം ലഭിക്കുന്നതിനുള്ള ഒരു ഉപാധിയായി ടിപ്പ് ഉപയോഗിക്കരുതെന്നും അതോറിറ്റി വ്യക്തമാക്കി.
മോട്ടോർ വെഹിക്കിൾ ആഗ്രിഗേറ്റർ ഗൈഡ്‌ലൈൻസ്, 2025 പ്രകാരം ടിപ്പ് നൽകാനുള്ള സൗകര്യം യാത്ര ബുക്ക് ചെയ്യുന്ന സമയത്തോ യാത്രയ്ക്കിടയിലോ നൽകുന്നതിന് പകരം റൈഡ് പൂർത്തിയായ ശേഷമാണ് ലഭ്യമാക്കേണ്ടതെന്നും സിസിപിഎ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ടിപ്പ് നൽകുന്നത് യാത്രക്കാരുടെ വ്യക്തിപരമായ തീരുമാനമാണെന്നും ഡ്രൈവർമാരെ കണ്ടെത്തുന്നതിനുള്ള ആൽഗോരിതത്തെ ടിപ്പ് സ്വാധീനിക്കില്ലെന്നുമാണ് റാപ്പിഡോയുടെ വിശദീകരണം. ആപ്പിൽ പ്രദർശിപ്പിച്ചിരുന്ന സന്ദേശങ്ങൾ നേരിട്ടുള്ള വിലപേശലിന് സമാനമായിരുന്നുവെന്നും കമ്പനി വാദിച്ചു. എന്നാൽ ഈ വിശദീകരണങ്ങൾ സിസിപിഎ അംഗീകരിച്ചില്ല.
സമാനമായ നിയമലംഘനങ്ങൾ സംബന്ധിച്ച് ഒലാ, യൂബർ എന്നീ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെയുള്ള അന്വേഷണവും നിലവിൽ പുരോഗമിക്കുകയാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ അവരുടെ തീരുമാനങ്ങളെ അനാവശ്യമായി സ്വാധീനിക്കുന്നതോ ആയ ഡാർക്ക് പാറ്റേൺ രീതികൾക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.