ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു; ‘ആജീവനാന്തം മോദിയുടെ അനുയായിയായി തുടരും’
ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് വിശദീകരിച്ചെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായി തുടരുമെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അപ്രതീക്ഷിത രാജി രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

ദില്ലി: ബിജെപി ദേശീയ വക്താവ് സ്ഥാനത്തിന് പിന്നാലെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും സംഘടനാ ചുമതലകളിൽ നിന്നും ഷെഹ്സാദ് പൂനവാല രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സംഘടനയിലെ ഭാവി ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം രാജിക്കത്തിൽ ആവശ്യപ്പെട്ടു.
രാജിക്ക് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ലെ പ്രൊഫൈൽ ബയോയും പൂനവാല പുതുക്കി. ബിജെപി ദേശീയ വക്താവ് എന്ന വിവരണം നീക്കം ചെയ്ത അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായി ആജീവനാന്തം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2017ൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് വിട്ട പൂനവാല പിന്നീട് ബിജെപിയിൽ ചേർന്നു. തുടർന്ന് പാർട്ടിയുടെ ദേശീയ വക്താവായ അദ്ദേഹം ടെലിവിഷൻ ചർച്ചകളിലുൾപ്പെടെ ബിജെപിയുടെ ശ്രദ്ധേയനായ വക്താക്കളിലൊരാളായി.
വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അപ്രതീക്ഷിതമായ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള പിന്മാറ്റമാണോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ നീക്കങ്ങൾക്കുള്ള മുന്നൊരുക്കമാണോ രാജിയെന്നതിൽ അദ്ദേഹം ഔദ്യോഗികമായി കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.