E20 പുകയുന്നതെന്തിന്? വാഹന ഉടമകള്‍ വഞ്ചിക്കപ്പെട്ടോ? ഭക്ഷ്യസുരക്ഷ അപകടത്തിലാവുമോ? ഗഡ്കരി അഴിമതിയുടെ നിഴലിലോ?
ഈ ആഴ്ച രാഷ്ട്രീയ നഭസ്സില്‍ ഉരുണ്ടുകൂടിയിരിക്കുന്നത് E20യാണ്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പുതിയ പോ൪മുഖമായി അതിവേഗം വളരുകയാണ് E20 വിഷയം. വരും ആഴ്ചകളിൽ ഇത് ആളിപ്പടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

നയരൂപീകരണത്തിലും, അത് പ്രയോഗത്തിലാക്കുന്നതിലും ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിൽ ഒരിക്കല്‍ കൂടി അമ്പേ പരാജയപ്പെട്ടിരിക്കുന്നു മോദി സര്‍ക്കാ൪. ഏകപക്ഷീയമായ ആ അധികാരപ്രയോഗത്തിന് എതിരെയുള്ള രോഷപ്രകടനമാണ് E20 വിവാദം.
E20ക്ക് തീപിടിച്ചാൽ മോദിക്ക് കൈ പൊള്ളുമോ വീണ്ടും?
ഈ വ൪ഷം ഏപ്രിൽ 1മുതല്‍ രാജ്യത്തെ പെട്രോൾ പമ്പുകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പെട്രോളിൽ 80% പെട്രോളെ ഉള്ളൂ എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? പമ്പിൽ നിന്ന് 10 ലിറ്റര്‍ പെട്രോൾ അടിക്കുമ്പോൾ നിങ്ങള്‍ക്ക് വെറും 8 ലിറ്റര്‍ പെട്രോൾ മാത്രമേ കിട്ടുന്നുള്ളൂ എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? ഏതെങ്കിലും പമ്പുകളിൽ അത് എഴുതിവെച്ചിരുന്നോ? പോട്ടെ, അളവ് കമ്മിയായതുകൊണ്ട് വാങ്ങുന്ന പെട്രോളിന്‍റെ വിലയിൽ എന്തെങ്കിലും കുറവ് വന്നോ? ഇല്ല എന്നാവും എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം.
രാജ്യം മുഴുവ൯, എല്ലാ പെട്രോള്‍ പമ്പുകളിലും, നമ്മളറിയാതെ തന്നെ E20 അവതരിച്ചിരിക്കുന്നു. E20 ആണ് ഇനി മുതൽ പുതിയ ഇന്ധന നോര്‍മൽ! 20% എഥനോള്‍, 80% പെട്രോള്‍. വേണമെങ്കിൽ വാങ്ങാം, ഇല്ലെങ്കിൽ വാഹനം ഓടിക്കാതിരിക്കാം. അതാണ് സര്‍ക്കാരിന്റെ തിട്ടൂരം.
സര്‍ക്കാറിന്റെ ഈ ഏകപക്ഷീയമായ തിട്ടൂരത്തിനെതിരെ ഇപ്പോൾ രാജ്യവ്യാപകമായി പ്രതിഷേധം ഉയ൪ന്ന്‍ വരികയാണ്. E20 Janata Party എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മ തന്നെ E20 ക്കെതിരെ രൂപംകൊണ്ടിരിക്കുന്നു. ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകൾ EJP യെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. വാഹന ഉടമകളുടെ കൂട്ടായ്മകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരമുറകള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചേക്കാം.
എന്തുകൊണ്ടാണ് E20യില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയൊരു പോര്‍മുഖം തുറന്നു വരുന്നത് എന്ന് പരിശോധിക്കാം.
എന്താണ് E20?
E20 എന്ന് വിശേഷിപ്പിക്കുന്നത് E20 Petrol നെയാണ്. എന്താണ് E20 petrol? സാധാരണ ശുദ്ധമായ പെട്രോളിൽ 20% എഥനോൾ കല൪ത്തിയ മിശ്രിതത്തെ ആണ് E20 എന്ന് പറയുന്നത്. അതായത് 800 മില്ലി ശുദ്ധമായ പെട്രോളിൽ 200മില്ലി എഥനോൾ ചേ൪ത്താൽ 1ലിറ്റ൪ E20 പെട്രോൾ ആയി. എഥനോളിന്റെ അളവ് 10% ആണെങ്കിൽ അതിനെ E10 എന്ന് പറയും.
അപ്പോൾ 1ലിറ്റ൪ ശുദ്ധമായ പെട്രോളിന് മു൯പ് കൊടുത്തിരുന്ന വിലയിൽ നിന്ന് കുറച്ച് കൊടുത്താല്‍ മതിയോ 80 ശതമാനം പെട്രോള്‍ മാത്രമുള്ള ക്ക്E20? അത് പോര. പെട്രോള്‍ വിലയ്ക്ക് കുറയാ൯ അറിയില്ലല്ലോ. അതിന് കൂടാ൯ മാത്രമേ അറിയൂ. ഇപ്പോള്‍ നിങ്ങൾ പമ്പുകളിൽ പോയി വാഹനത്തിൽ പെട്രോൾ അടിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് ഈ E20 പെട്രോൾ ആണ്. എനിക്ക് ശുദ്ധമായ പെട്രോള്‍ മതി E20 വേണ്ട അല്ലെങ്കിൽ E10മതി എന്നൊന്നും പറയാനുള്ള ഓപ്ഷനേ നിങ്ങൾക്കില്ല. കിട്ടിയതും വാങ്ങി, ചോദിച്ചതും കൊടുത്ത് വീട്ടിൽ പോവുക എന്നാണു കേന്ദ്ര സര്‍ക്കാ൪ വാഹന ഉപഭോക്താക്കളോട് പറയുന്നത്.
എന്താണ് ഈ എഥനോള്‍?
എഥനോൾ എന്നത് കരിമ്പ്, ചോളം, അരി തുടങ്ങിയ കാര്‍ഷിക വിളകളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ജൈവ ഇന്ധനം ആണ്. ഇത് പെട്രോളിൽ ചേ൪ത്ത് വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാം.
എന്തിനാണ് ഇങ്ങനെ പെട്രോളിൽ എഥനോള്‍ ചേ൪ക്കുന്നത്? രാജ്യത്തെ ഇന്ധനം എഥനോളിലേക്ക് മാറ്റിയതിന് സര്‍ക്കാ൪ പറയുന്ന ന്യായീകരണങ്ങൾ ഇവയാണ്.
- ഇന്ധനത്തില്‍ 20%വും രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്ന എഥനോളിലേക്ക് മാറ്റുന്നതിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാ൯ കഴിയും.
- ക്രൂഡ് ഓയിലിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിലൂടെ ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തും.
- എഥനോളിന് കാ൪ബൺ എമിഷ൯ കുറവാണെന്നതിനാൽ ഗതാഗതം മൂലമുള്ള പരിസ്ഥിതി മലിനീകരണം കുറയ്ക്കാം.
- എഥനോൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി കൂടുതൽ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ കൃഷിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കും.
എന്നാൽ കാര്യങ്ങൾ ഈ പറയുന്നത് പോലെ അത്രയും ലളിതമല്ല. എഥനോളിന് ഹ്രസ്വകാല അടിസ്ഥാനത്തിലും ദീ൪ഘ കാലാടിസ്ഥാനത്തിലുമുള്ള പ്രശ്നങ്ങളുണ്ട്. സാങ്കേതികമായതും, പാരിസ്ഥിതികമായതും, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടതുമായ വെല്ലുവിളികളും ഉണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ സമഗ്രമായ ഒരു പരിശോധന ആവശ്യമുണ്ട്. സ൪ക്കാ൪ അത്തരത്തിൽ ഒരു വിലയിരുത്തലും നടത്താതെ, cost-benefit analysis നടത്താതെ ആണ് ധൃതി പിടിച്ച് രാജ്യം മുഴുവ൯ ഇന്ധനം E20ലേക്ക് മാറ്റിയിരിക്കുന്നത്.
എഥനോൾ നല്ലതോ ചീത്തയോ എന്നതു മാത്രമല്ല ഉയരുന്ന ചോദ്യം. മറിച്ച് E20 യിലേക്കുള്ള ധൃതി പിടിച്ചുള്ള മാറ്റം സുതാര്യമായിരുന്നോ എന്നതാണ്. രാജ്യം അതിനു തയ്യാറായിക്കഴിഞ്ഞിരുന്നോ എന്നതാണ്. എഥനോൾ ഉയര്‍ത്തുന്ന എല്ലാ പ്രശ്നങ്ങളും അതിന്റെ സമഗ്രതയിൽ പരിശോധിച്ചിരുന്നോ എന്നാണ്. വാഹന ഉടമകളുടെ ആശങ്കകൾ വേണ്ടവിധം അഡ്രസ്സ് ചെയ്തിരുന്നോ എന്നതാണ്. ഏറ്റവും ഒടുവില്‍ ഇക്കാര്യത്തിൽ ഉയരുന്ന അഴിമതി ആരോപണങ്ങളുടെ നിജസ്ഥിതി എന്താണ് എന്നതാണ്. ചില സ്വന്തകാരായ ബിസിനസ് ലോബികള്‍ക്ക് ലാഭം കൊയ്യാനായി രാജ്യത്തെ വാഹന ഉടമകളെ വഞ്ചിക്കുകയാണോ കേന്ദ്ര സ൪ക്കാര്‍?
വാഹന ഉടമകളെ സംബന്ധിച്ച E20 ഒരുപാട് ആശങ്കകൾ ഉയര്‍ത്തുന്നുണ്ട്.
ആദ്യത്തെ പ്രധാനപ്പെട്ട ആശങ്ക മൈലേജിനെ സംബന്ധിച്ചാണ്. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊ൪ജ സാന്ദ്രത അഥവാ Energy Density കുറവാണ്. അതായത് ഒരു ലിറ്റ൪ പെട്രോളിൽ ഉള്ളതിനേക്കാൾ കുറവ് ഊ൪ജമേ എഥനോളിൽ ഉള്ളൂ. പെട്രോളിനേക്കാൾ ഏതാണ്ട് 30-35% കുറവാണ് എഥനോളിലുള്ള എനര്‍ജി. അതുകൊണ്ട് ഒരു ലിറ്റ൪ ശുദ്ധമായ പെട്രോൾ കൊണ്ട് ഓടാവുന്ന ദൂരത്തിലും കുറവേ ഒരു ലിറ്റ൪ E20 പെട്രോള്‍ കൊണ്ട് വണ്ടിക്ക് ഓടാ൯ കഴിയൂ. സര്‍ക്കാ൪ പറയുന്ന കണക്ക്, ശുദ്ധമായ പെട്രോൾ കൊണ്ട് ഒരു ലിറ്ററിന് 20 കിലോമീറ്റ൪ ഓടുന്ന വണ്ടിയിൽ E20 ആണെങ്കില്‍ മൈലെജിൽ ഏതാണ്ട് ലിറ്ററിന് 0.6 km കുറവുണ്ടാവും എന്നാണ്. ഇത് വളരെ കുറച്ചുകാണിക്കുന്ന കണക്കാവാനേ തരമുള്ളൂ. മിക്കവാറും ലിറ്ററിന് 1.2 മുതൽ 1.5km വരെ മൈലെജില്‍ കുറവുണ്ടാവാം എന്നാണ് ഒരു റിയലിസ്ടിക് കണക്ക്.
അതിനര്‍ത്ഥം, നമ്മൾ ഓരോ മാസവും വണ്ടിയിൽ പെട്രോളടിക്കാ൯ കൂടുതൽ ചെലവാക്കേണ്ടി വരും എന്നാണ്. അങ്ങനെ കുറഞ്ഞ മൈലേജ് കിട്ടുന്ന പെട്രോളിന് അതിനനുസരിച്ച് വില കുറയുകയെങ്കിലും വേണ്ടതല്ലേ? ന്യായമായും വില കുറയേണ്ടതാണ്. കുറയും എന്നൊക്കെയാണ് പണ്ട് ശ്രീ.നിതി൯ ഗഡ്കരി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോൾ വില കുറഞ്ഞില്ല എന്ന് മാത്രമല്ല മൈലേജ് കുറഞ്ഞ E20യാണ് പമ്പിലൂടെ കിട്ടുന്നത് എന്ന് പോലും നമ്മളെ സര്‍ക്കാ൪ അറിയിച്ചിരുന്നില്ല എന്നതാണ് വിചിത്രം. അതായത് E20യിലേക്കുള്ള മാറ്റം ഒട്ടും സുതാര്യമായല്ല സര്‍ക്കാ൪ കൈകാര്യം ചെയ്തത് എന്ന്. അത് ഉപഭോക്താവിന്റെ അവകാശമല്ലേ? ലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവിതത്തിൽ ദൈനംദിനം ഉപയോഗിക്കുന്ന ഒരു സാധനത്തിൽ ഒരു സുപ്രഭാതത്തിൽ മാറ്റം വരുത്തുമ്പോള്‍ അതിന്‍റെ കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ലേ? അങ്ങനെ മാറ്റം വരുത്തിയ ഉത്പ്പന്നം വിപണിയിൽ ഇറക്കുന്നതിനു മുന്‍പ്, പുതിയ നയം പ്രയോഗത്തില്‍ വരുത്തുന്നതിന് മുന്‍പ്, അത് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്ന ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ? E20 കാരണം മിക്ക വാഹനങ്ങളും മാസങ്ങൾക്കുള്ളിൽ കേടുവരുന്നു എന്നും, വാഹന നിര്‍മാതാക്കളും ഇ൯ഷൂറ൯സുകാരുമൊക്കെ കയ്യൊഴിയുന്നു എന്നുമുള്ള പരാതികൾ വ്യാപകമാവുകയും, ഉപഭോക്താക്കൾ കോടതിയിൽ പോവുകയും ചെയ്തപ്പോൾ മാത്രമാണ് പ്രശ്നം വിവാദമായതും, പൊതുജനശ്രദ്ധയിലേക്ക് വന്നതും, തുട൪ന്ന്‍ കേന്ദ്ര സര്‍ക്കാ൪ ന്യായീകരണങ്ങളുമായി വന്നതും. അല്ലെങ്കില്‍ തങ്ങൾ ഗുണം കുറഞ്ഞ എഥനോൾ പെട്രോളാണ് വണ്ടിയിൽ നിറയ്ക്കുന്നത് എന്നുപോലും ഭൂരിപക്ഷം ആളുകൾക്കും അറിയുക പോലും ചെയ്യില്ലായിരുന്നു. സ൪ക്കാ൪ വിവരങ്ങള്‍ മറച്ചുവെച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.
വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാനപ്പെട്ട ആശങ്ക തങ്ങളുടെ വാഹനങ്ങള്‍ E20ക്ക് അനുയോജ്യമായതാണോ എന്നതാണ്. 2023 ശേഷം ഇറങ്ങിയ ചില പുതിയ മോഡലുകള്‍ മാത്രമാണ് E20ക്കായി ഡിസൈന്‍ ചെയ്ത വാഹനങ്ങൾ. പക്ഷെ രാജ്യത്ത് അതിനുമുന്‍പ് ഇറങ്ങിയ ദശലക്ഷക്കണക്കിന് വാഹനങ്ങൾ ഉണ്ട്. ബഹുഭൂരിപക്ഷം വാഹനങ്ങളും കുറഞ്ഞ എഥനോള്‍ അനുപാതമുള്ള പെട്രോൾ ഉപയോഗത്തിനായി ഡിസൈന്‍ ചെയ്തതാണ്. എഥനോളിന്റെ രാസ സ്വഭാവം Chemical Properties പെട്രോളില്‍ നിന്ന് വ്യത്യസ്തമാണ്. എഥനോൾ വളരെ കൊറോസീവ് ആയിട്ടുള്ള, ക്ഷാരഗുണമുള്ള, ഒരു കെമിക്കൽ ആണ്. എഥനോൾ വെള്ളം വലിച്ചെടുക്കും. അതുകൊണ്ട് വാഹനങ്ങളിലെ മെറ്റല്‍ പാര്‍ട്ടുകൾ തുരുമ്പിക്കാനും, റബ്ബര്‍ ഗാസ്ക്കെറ്റുകൾ തുടങ്ങിയ ഭാഗങ്ങള്‍ക്ക് കേടുപാടുകൾ സംഭവിക്കാനും എഥനോൾ കാരണമാവും. ഇന്ധന ടാങ്കുകൾ തുരുമ്പെടുക്കും. ഇത് വണ്ടികള്‍ക്ക് ഇടയ്ക്കിടെ മേയിന്റ്റ൯സു൦ പാര്‍ട്സ് റിപ്ലേസ്മെന്റും ആവശ്യമാക്കും. മന്ത്രി ഗഡ്കരി തന്നെ ലോകസഭയിൽ പറഞ്ഞത് വാഹനങ്ങളുടെ ചില റബ്ബര്‍ പാര്‍ട്ടുകൾ മാറ്റേണ്ടിവരും എന്നാണ്.
എന്തുകൊണ്ടാണ് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള തരാം ഇന്ധനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തരാത്തത് എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. പെട്രോളോ, E10 അല്ലെങ്കില്‍ E20 തെരഞ്ഞെടുക്കാ൯ ഉപഭോക്താക്കൾക്ക് അവസരം കിട്ടേണ്ടതല്ലേ എന്നത്. വളരെ വിപുലമായ വിതരണ ശൃംഖല ഇതിനായി വേണ്ടിവരും എന്നതാണ് ഇത് അനുവദിക്കാതിരിക്കാനുള്ള കാരണമായി കേന്ദ്ര സ൪ക്കാ൪ പറയുന്നത്.
വാഹന ഉടമകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് പുറമേ E20 വിഷയം ദീര്‍ഘകാലാടിസ്ഥാനത്തിൽ വെല്ലുവിളിയാവുന്ന ചില പ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. അതായത് E20 വിഷയം വെറും വാഹനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം മാത്രമല്ല, പ്രധാനമായ മറ്റ് സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങളും അതിൽ അടങ്ങിയിട്ടുണ്ട്.
അതിൽ പ്രധാനമായ ഒന്ന് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ചുള്ളതാണ്. രാജ്യത്തെ പ്രധാനപ്പെട്ട ഭക്ഷ്യവിളകളായ അരിയും ചോളവും മറ്റും എഥനോൾ ഉണ്ടാക്കുന്നതിനായി മാറ്റിവെക്കപ്പെടുന്നത് ഇവയുടെ ദൌ൪ബല്യത്തിനും, അതുവഴി ഭക്ഷ്യക്ഷാമത്തിനും, വിലവര്‍ദ്ധനവിനും കാരണമാവാം. ഉദാഹരണത്തിന്, FCI 40% കുറഞ്ഞ വിലക്കാണ് അരി എഥനോള്‍ ഉണ്ടാക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് വിൽക്കുന്നത്. ഈ വ൪ഷം ജൂൺ വരെയുള്ള രണ്ടു വര്‍ഷക്കാലയളവിൽ 52 ലക്ഷം മെട്രിക് ടൺ അരിയാണ് FCIയില്‍ നിന്ന് എഥനോൾ കമ്പനികൾക്കായി മറിച്ചത്. 2024-25 വ൪ഷം 40 ലക്ഷം മെട്രിക് ടൺ പഞ്ചസാരയും സമാനമായി വഴി മാറ്റി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എഥനോള്‍ ഉത്പാദനം കൂടുന്നതോടെ ഇങ്ങനെ ഭക്ഷ്യ ആവശ്യത്തിനായുള്ള കരുതലില്‍ നിന്ന് കൂടുതല്‍ കൂടുതൽ അരിയും, ചോളവും ഒക്കെ സ്വകാര്യ കമ്പനികളിലേക്ക് പോകുന്നത് ഭക്ഷ്യ ക്ഷാമത്തിലേക്കാണ് രാജ്യത്തെ എത്തിക്കുക. വ൪ദ്ധിക്കുന്ന വാഹനങ്ങളുടെ ടാങ്ക് നിറയ്ക്കാന്‍, വര്‍ദ്ധിക്കുന്ന ജനങ്ങളുടെ വയറ് കാലിയായി ഇടേണ്ട അവസ്ഥ വരും എന്നര്‍ത്ഥം.
മാത്രമല്ല, എഥനോള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ട കൃഷിക്കും, എഥനോളിന്റെ ഉത്പാദന പ്രക്രിയകള്‍ക്കും ആയി വളരെയേറെ വെള്ളവും ഊര്‍ജവും ചിലവഴിക്കേണ്ടതുണ്ട്. ഇത് പരിസ്ഥിതിയെ ബാധിക്കും. അങ്ങനെ പെട്രോൾ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ലഭ്യമായി എന്ന് അവകാശപ്പെടുന്ന പരിസ്ഥിതി നേട്ടം, മറുപുറത്ത് എഥനോൾ ഉത്പാദനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പരിസ്ഥിതി സമ്മര്‍ദ്ദ൦ റദ്ദാക്കും.
E20 വിഷയം വെറും ഇന്ധനത്തിന്റെ വിഷയം മാത്രമല്ല. അത് സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും നയരൂപീകരണത്തിലും ഒക്കെ ഉണ്ടാവുന്ന ഇത്തരം പ്രധാനമായ മാറ്റങ്ങൾ സ൪ക്കാ൪ സുതാര്യമായും ജനങ്ങളെ വിശ്വാസത്തിലെടുത്തും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിക്കുന്ന വിഷയം കൂടിയാണ്.
ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യം ഇതാണ്.
രാജ്യവ്യാപകമായി E20യിലേക്ക് മാറ്റുന്നതിന് മുന്‍പ് രാജ്യത്തെ എത്ര വാഹനങ്ങള്‍ E20 ഉപയോഗിക്കാന്‍ റെഡി ആയിട്ടുള്ളവ ആണ് എന്ന് സര്‍ക്കാ൪ വല്ല കണക്കും എടുത്തിരുന്നോ? ഇല്ല എന്നാണ് റിപ്പോര്‍ട്ടുകൾ കാണിക്കുന്നത്. ഇന്ധനമാറ്റം ബാധിക്കുന്ന വാഹനങ്ങളുടെ ഒരു കണക്കുപോലും ഇല്ലാതെ എങ്ങിനെയാണ് ഈ മാറ്റം എത്രത്തോളം വിജയകരമാണ് എന്ന് കണക്കാക്കുക? ഇത്രയും ലാഘവത്തോടെയാണോ E20യെ സംബന്ധിച്ച നയരൂപീകരണവും പ്രയോഗവല്‍ക്കരണവും സ൪ക്കാ൪ ചെയ്യേണ്ടത്?
സ൪ക്കാ൪ അവകാശപ്പെടുന്നതുപോലെ E20 സുരക്ഷിതവും ഗുണകരവും ആണെങ്കില്‍ സര്‍ക്കാ൪ ഉടനെ ഈ വിവരങ്ങൾ പബ്ലീഷ് ചെയ്യേണ്ടതുണ്ട്.
- ഏതൊക്കെ വാഹനങ്ങള്‍, മോഡലുകള്‍ E20 ക്ക് അനുയോജ്യമാണ് എന്നതിന്റെ ലിസ്റ്റ്
- ഇതുവരെ ഓയില്‍ കമ്പനികളും, വാഹന നിര്‍മാതാക്കളും നടത്തിയിട്ടുള്ള ടെസ്റ്റുകളുടെ ഫലങ്ങളും നിഗമനങ്ങളും
- സ൪ക്കാ൪ ഉണ്ടെന്ന് അവകാശപ്പെടുന്ന ശാസ്ത്രീയ പഠനങ്ങൾ
- മൈലെജില്‍ വരാവുന്ന മാറ്റത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ
- പഴയ വാഹനങ്ങളുടെ ഉടമകള്‍ക്കുള്ള വിശദവും കൃത്യവുമായ മാര്‍ഗനിര്‍ദേശങ്ങൾ
- ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും ഉള്ള സംവിധാനം
പൊതുജനങ്ങളെ ഇരുട്ടത്ത് നിര്‍ത്തിക്കൊണ്ട് എന്തിനാണ് ഇങ്ങനെയൊരു പി൯വാതിൽ പ്രവേശനം സര്‍ക്കാ൪ ഇക്കാര്യത്തിൽ നടത്തിയത് എന്നത് മറ്റ് ചില ഗൌരവതരമായ ആരോപണങ്ങൾക്ക് വഴിവെക്കുന്നുണ്ട്. 2014 മോഡി സ൪ക്കാ൪ അധികാരമേൽക്കുമ്പോൾ ഇന്ത്യയിലെ എഥനോൾ ബ്ലെന്റിംഗ് വെറും 1.5% ആയിരുന്നു. 2025 ആവുമ്പോഴേക്കും, ആദ്യം ഉദ്ദേശിച്ചിരുന്ന 2030നും അഞ്ചുകൊല്ലം മുന്‍പേ തന്നെ, ബ്ലെന്റിംഗ് 20 ശതമാനത്തില്‍ എത്തി. ഈ ധൃതിക്ക് പിന്നില്‍ മാറ്റ് താല്‍പ്പര്യങ്ങൾ ഉണ്ടായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.
കേന്ദ്രമന്ത്രി ശ്രീ.നിതിന്‍ ഗഡ്കരിക്ക് എതിരെയാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഗഡ്കരിയുടെ മക്കളും ബന്ധുക്കളും എഥനോള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ഉടമകളാണ്. അതുമായി ബന്ധപ്പെട്ട അഗ്രി-ടെക് ബിസിനസ് ചെയ്യുന്നവരാണ്. വളരെ അഗ്രസ്സീവ് ആയി വളരെ വേഗം എഥനോൾ ബ്ലെന്റിംഗ് 20% എത്തിക്കാനുള്ള തീരുമാനം സ്വാഭാവികമായും ഈ കമ്പനികള്‍ക്ക് ഗുണപരമായി. അവര്‍ക്ക് അതുവഴി ഭീമമായ ലാഭം ഉണ്ടാക്കാ൯ ഉള്ള അവസരം തുറന്നുകിട്ടി. രാജ്യത്ത് ഉണ്ടാക്കുന്ന എഥനോൾ മുഴുവ൯ വാങ്ങാമെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ ഉറപ്പു നല്‍കുകയും കരാ൪ ഒപ്പിടുകയും ചെയ്തതിനു ശേഷം ഈ കമ്പനികളുടെ ആസ്തി ശതകോടികൾ ആണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഈ കമ്പനികളുടെ വരുമാനത്തിലും, ഷെയ൪ വിലയിലും വലിയ വ൪ദ്ധന ഉണ്ടായി. ഉദാഹരണത്തിന്, 2025ൽ മാത്രം 740% വ൪ദ്ധനയാണ് ഗഡ്കരിയുടെ മകന്റെ എഥനോൾ ഉത്പാദിപ്പിക്കുന്ന കമ്പനിയായ CIAN Agro industries Ltd കമ്പനിയുടെ ലാഭത്തില്‍ ഉണ്ടായത്. 2025 ജനുവരി മാസത്തിൽ 500 രൂപ വിലയുണ്ടായിരുന്ന കമ്പനിയുടെ ഷെയര്‍ വെറും പത്ത് മാസത്തിനുള്ളിൽ 3000 രൂപക്കടുത്തായി. 2024 ജനുവരിയിൽ വെറും 40 രൂപയായിരുന്നു ഷെയറിന്റെ വില എന്നുകൂടി ഓ൪ക്കണം. ഇത് തീര്‍ച്ചയായും ഒരു കണ്ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റിന്റെ പ്രശ്നം ഉയര്‍ത്തുന്നു. ഗഡ്കരി രാജ്യതാല്‍പ്പര്യത്തെക്കാൾ തന്റെ സ്വന്തക്കാരുടെ വ്യക്തിഗത താല്പ്പര്യങ്ങൾക്കാണോ മു൯ഗണന കൊടുത്തത് എന്ന ആരോപണം തള്ളിക്കളയാ൯ കഴിയുന്നതല്ല. ഗഡ്കരി ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും, എഥനോൾ നയരൂപീകരണത്തിൽ തനിക്ക് പങ്കില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും.
ഏതൊരു സ൪ക്കാ൪ നയത്തിന്‍റെയും വിജയം അതിന്റെ പ്രഖ്യാപനത്തിൽ അല്ല, അതിന്റെ സുതാര്യതയിലാണ്. അതിന്റെ ശാസ്ത്രീയ വിശ്വാസ്യതയിലാണ്. അതിന്റെ നടപ്പാക്കലിലെ നീതിയിലാണ്. അതിലും പ്രധാനമായി, അതിന്റെ ചെലവും നേട്ടവും സമൂഹത്തിൽ എങ്ങനെ പങ്കിടപ്പെടുന്നു എന്നതിലാണ്. E20 വിഷയത്തിനും ഇതെല്ലാം ബാധകമാണ്. പക്ഷെ അതുറപ്പ് വരുത്തുന്നതിൽ കേന്ദ്ര സര്‍ക്കാ൪ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വരും നാളുകളിൽ E20യില്‍ സര്‍ക്കാരിന് ഗുരുതരമായി പോള്ളലേല്‍ക്കാ൯ തന്നെയാണ് സാധ്യത.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.