അതിജീവനത്തിന്റെ പെൺകരുത്ത്; പാരാലിംപിക്സ് ഷോട്ട്പുട്ടിൽ ശർമിള ധൻകർക്ക് സ്വർണം
അതിജീവനത്തിന്റെ മറ്റൊരു പേര് ശർമിള ധൻകർ; കല്ലും മുള്ളും നിറഞ്ഞ ജീവിതത്തിൽ നിന്ന് സ്വർണത്തിളക്കത്തിലേക്ക്.
കോമൺവെൽത്ത് പാരാലിംപിക്‌സ് ഷോട്ട്പുട്ടിൽ സ്വർണമെഡൽ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ശർമിള ധൻകർ. എന്നാൽ ഈ സ്വർണനേട്ടത്തിന് പിന്നിൽ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കണ്ണീരിന്റെയും നീണ്ട കഥയാണുള്ളത്. ജീവിതത്തിലെ കഠിന പരീക്ഷണങ്ങളെ അതിജീവിച്ചാണ് ശർമിള ഇന്ന് ലോകവേദിയിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയത്.
ഹരിയാനയിലെ ഒരു സാധാരണ ഗ്രാമത്തിലാണ് ശർമിളയുടെ ജനനം. രണ്ടാമത്തെ വയസിൽ ബാധിച്ച പോളിയോ ഇടതുകാലിനെ ഗുരുതരമായി ബാധിച്ചു. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തിന് മികച്ച ചികിത്സ നൽകാൻ കഴിയാതിരുന്നതോടെ വെല്ലുവിളികൾ ബാല്യത്തിൽ തന്നെ തുടങ്ങി.
18-ാം വയസിൽ വിവാഹിതയായ ശർമിളയുടെ ജീവിതം പിന്നീട് ദുരിതങ്ങളിലൂടെ കടന്നുപോയി. സ്ത്രീധനത്തിന്റെ പേരിലും പെൺമക്കൾക്ക് ജന്മം നൽകിയെന്ന കാരണത്താലും കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടിവന്നു. ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്ന് ശർമിള പിന്നീട് വെളിപ്പെടുത്തിയിരുന്നു.
26-ാം വയസിൽ മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ ശർമിള, ജീവിതം വീണ്ടും പടുത്തുയർത്താൻ കഠിനാധ്വാനം തുടങ്ങി. വീട്ടുജോലിയും ശുചീകരണ തൊഴിലാളിയായും ജോലി ചെയ്ത് മക്കളെ വളർത്തി. പിന്നീട് 28-ാം വയസിൽ അജിത് സിങ്ങിനെ വിവാഹം ചെയ്തു. ശർമിളയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ആ വിവാഹം.
പാരാ അത്‌ലറ്റിക്‌സിലേക്ക് കടന്നുവരാൻ ശർമിളയെ പ്രോത്സാഹിപ്പിച്ചതും എല്ലാ പിന്തുണയും നൽകിയതും അജിത്തായിരുന്നു. പരിശീലനത്തിനും മത്സരങ്ങൾക്കുമായി സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സ്വന്തം വീട് വരെ വിറ്റ് പണം കണ്ടെത്തിയെന്നതാണ് അവരുടെ പിന്തുണയുടെ ആഴം.
പല കായികതാരങ്ങളും കരിയർ അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്ന 34-ാം വയസിലാണ് ശർമിള പാരാ അത്‌ലറ്റിക്‌സിൽ കരിയർ ആരംഭിച്ചത്. 2022-ലെ ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ മെഡൽ തലനാരിഴയ്ക്ക് നഷ്ടമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എന്നാൽ അതിൽ തളരാതെ മുന്നേറിയ ശർമിള ഈ വർഷം ദുബായിൽ നടന്ന ഫസ ഇന്റർനാഷണൽ പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ആത്മവിശ്വാസം വീണ്ടെടുത്തു.
ആ വിജയത്തിന്റെ തുടർച്ചയായാണ് ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് പാരാലിംപിക്‌സ് എഫ്–57 വിഭാഗം ഷോട്ട്പുട്ടിൽ സ്വർണമെഡൽ നേടി ചരിത്രം കുറിച്ചത്. 20 വർഷത്തിന് ശേഷമാണ് കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്‌സിൽ ഇന്ത്യ വീണ്ടും സ്വർണമെഡൽ നേടുന്നത്.
പോഡിയത്തിൽ ദേശീയപതാക ഉയർത്തി സ്വർണമെഡൽ ഏറ്റുവാങ്ങുമ്പോൾ ശർമിളയുടെ മനസ്സിലൂടെ കടന്നുപോയത് വർഷങ്ങളായുള്ള പോരാട്ടങ്ങളും കണ്ണീരും അതിജീവനവുമാകാം. വെല്ലുവിളികൾക്ക് മുന്നിൽ തളരാതെ മുന്നേറിയാൽ വിജയം നേടാമെന്ന സന്ദേശമാണ് ശർമിള ധൻകറിന്റെ ജീവിതം നൽകുന്നത്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.