സ്പോർട്സ് ടുഡേ

പ്രായതട്ടിപ്പ് കണ്ടെത്തി; അണ്ടർ-19 ടീമിൽ നിന്ന് താരത്തെ പുറത്താക്കി ബിസിസിഐ

രോഹിതിന് പകരം ഏകദിന ടീമിൽ സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും മൾട്ടി-ഡേ (ഫോർ-ഡേ) മത്സരങ്ങൾക്കുള്ള ടീമിൽ ഹരിയാനയുടെ തന്മയ് ബലോഡയെയും ഉൾപ്പെടുത്തിയതായി ജൂനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു.

Cricket
Cricket

ജൂനിയർ ക്രിക്കറ്റിൽ ജനനത്തീയതിയിൽ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് അണ്ടർ-19 ഇന്ത്യൻ ടീമിൽ നിന്ന് ലെഗ് സ്പിന്നർ രോഹിത് യാദവിനെ പുറത്താക്കി ബിസിസിഐ. രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, മൾട്ടി-ഡേ പരമ്പരകൾക്കുള്ള ടീമിൽ നിന്നാണ് രോഹിത്തിനെ ഒഴിവാക്കിയത്.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയുടെ പ്രായപരിശോധന വിഭാഗവും നടത്തിയ സംയുക്ത രേഖാപരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവിധ ഔദ്യോഗിക രേഖകളിൽ വ്യത്യസ്ത ജനനത്തീയതികളാണ് രോഹിത് നൽകിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ആധാർ കാർഡിലെ ജനനവർഷം 2006 മുതൽ 2010 വരെയുള്ള വിവിധ വർഷങ്ങളായി പലതവണ തിരുത്തിയതായും കണ്ടെത്തി.

അടുത്തിടെ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ അണ്ടർ-19 ടീമിനായി ആറ് വിക്കറ്റ് വീഴ്ത്തിയ താരമാണ് രോഹിത് യാദവ്. ക്രമക്കേട് സ്ഥിരീകരിച്ചതിനെ തുടർന്ന് ബിസിസിഐ അംഗീകൃത മത്സരങ്ങളിൽ നിന്ന് താരത്തിന് രണ്ട് വർഷത്തെ വിലക്കും ഏർപ്പെടുത്തി.

രോഹിത്തിന് പകരം ഏകദിന ടീമിൽ സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും മൾട്ടി-ഡേ മത്സരങ്ങൾക്കുള്ള ടീമിൽ ഹരിയാനയുടെ തന്മയ് ബലോഡയെയും ഉൾപ്പെടുത്തിയതായി ജൂനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു.

ഓസ്ട്രേലിയക്കെതിരായ അണ്ടർ-19 ഏകദിന ടീമിൽ

ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റൻ), യാഷ് വർദ്ധൻ ചൗഹാൻ (വൈസ് ക്യാപ്റ്റൻ), രജത് ബഗേൽ (വിക്കറ്റ് കീപ്പർ), ആര്യവീർ സെവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനാൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി. യാഷ്വീർ, ഷാവിൻ വിനോദ്, മോഹിത് ഉൽവ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേൽ, ആര്യൻ സവ്സാനി എന്നിവരാണ് ടീമിലുള്ളത്.

മൾട്ടി-ഡേ പരമ്പരയ്ക്കുള്ള ടീം

യാഷ് വർദ്ധൻ ചൗഹാൻ (ക്യാപ്റ്റൻ), ലക്ഷ്യ റായ്ചന്ദാനി (വൈസ് ക്യാപ്റ്റൻ), സാഗർ വിർക്ക്, കുശാഗ്ര ഓജ, മനാൽ ചൗഹാൻ, കുഷ് പട്ടേൽ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പർ), അഭിപ്രായ് ബിശ്വാസ് (വിക്കറ്റ് കീപ്പർ), ഇഷാൻ ഓം, അയാൻ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാംശു സിംഗ്, മോഹിത് ഉൽവ, ആര്യൻ യാദവ്, തന്മയ് ബലോഡ എന്നിവരാണ് മൾട്ടി-ഡേ ടീമിലുള്ളത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.