അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് തിരുവനന്തപുരം നഗരസഭ; പരിശോധനയ്ക്ക് നേരിട്ടിറങ്ങി മേയർ
അനധികൃത നിർമാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ നടപടി ശക്തമാക്കി; മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന. നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി.

തിരുവനന്തപുരം: നഗരത്തിലെ വിവിധയിടങ്ങളിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നെന്ന പരാതിയിൽ നടപടി ശക്തമാക്കി തിരുവനന്തപുരം നഗരസഭ. അനധികൃത നിർമാണങ്ങൾ ഇനി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മേയർ വി.വി. രാജേഷിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ട് പരിശോധന നടത്തി. പുതിയ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ തന്നെ ഇത്തരം അനധികൃത നിർമാണങ്ങൾ അവസാനിപ്പിക്കണമെന്നും നിയമവിധേയമാക്കണമെന്നും നിർദേശം നൽകിയിരുന്നതായി മേയർ പറഞ്ഞു.
എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിർമാണ മാഫിയ പഴയപടി തന്നെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ പശ്ചാത്തലത്തിലാണ് ഭരണസമിതി നേരിട്ട് പരിശോധനയിലേക്ക് കടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു പുളിമൂട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പരിശോധന നടന്നത്.പുളിമൂട്ടിൽ മുൻപ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമാണം തുടർന്ന സ്ഥാപനത്തിന് നടപടി നിർദ്ദേശം നൽകി. തൊട്ടടുത്ത് പെർമിറ്റില്ലാതെ നിർമാണം ആരംഭിച്ച കെട്ടിടത്തിന് ഉടനടി സ്റ്റോപ്പ് മെമ്മോ നൽകി പ്രവർത്തനം തടഞ്ഞു.ടി.സി. നമ്പർ വച്ച് അനുവദനീയമായതിലും കൂടുതൽ നിലകൾ പണിതുയർത്തിയ കെട്ടിടത്തിൽ പരിശോധന നടത്തി. അകത്തുനിന്ന് പൂട്ടിയിട്ടിരുന്ന ഈ കെട്ടിടത്തിന്റെ ഉടമസ്ഥരോട് നഗരസഭാ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
നഗരത്തിലുണ്ടാകുന്ന രൂക്ഷമായ വെള്ളപ്പൊക്കത്തിനും ഗതാഗതക്കുരുക്കിനും പ്രധാന കാരണം ഇത്തരത്തിലുള്ള അനധികൃത നിർമാണങ്ങളാണെന്നും ഒരു സെൻ്റീമീറ്റർ പോലും അനധികൃത നിർമാണം അനുവദിക്കില്ലെന്നും മേയർ ചൂണ്ടിക്കാട്ടി. നഗരസഭാ ഭരണസമിതിയും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ആവശ്യമുള്ള ഘട്ടങ്ങളിൽ പൊലീസിന്റെ സേവനം ഉറപ്പാക്കുമെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി.കോർപ്പറേഷൻ സെക്രട്ടറി ഉൾപ്പടെ ഉദ്യാഗസ്ഥർക്കൊപ്പം എത്തിയായിരുന്നു മേയറുടെ പരിശോധന.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.