100 ദിവസം കടലിൽ ഒറ്റയ്ക്ക്; ആമകളെയും പക്ഷികളെയും ഭക്ഷിച്ച് അത്ഭുതകരമായ അതിജീവനം
കടുത്ത പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം അവശരായ നിലയിൽ കരയിലെത്തിയ ഇവരെ ആദ്യം ഗ്രാമവാസികൾ മദ്യപിച്ചെത്തിയവരാണെന്നാണ് തെറ്റിദ്ധരിച്ചത്.

ഏകദേശം 100 ദിവസത്തോളം പസഫിക് സമുദ്രത്തിൽ അകപ്പെട്ടുപോയ അഞ്ചുപേർ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. രണ്ട് കൗമാരക്കാരുൾപ്പെടെ അഞ്ചംഗ സംഘം കടലാമകളെയും പക്ഷികളെയും ഭക്ഷിച്ചും മഴവെള്ളം കുടിച്ചുമാണ് അതിജീവിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മൈക്രോനേഷ്യയിലെ ദ്വീപുകൾക്കിടയിൽ ഒരു മണിക്കൂർ മാത്രം നീളുന്ന യാത്രയ്ക്കായി പുറപ്പെട്ട ഇവരുടെ ചെറുബോട്ട് വഴിതെറ്റി കടലിൽ അകപ്പെടുകയായിരുന്നു. ഇതിനിടെ സംഘത്തിലെ നാല് പേർക്ക് ജീവൻ നഷ്ടമായി.
കൊടുങ്കാറ്റിൽ വഴിതെറ്റി ബോട്ട്
മൈക്രോനേഷ്യയിലെ ദ്വീപുകൾക്കിടയിൽ സാധനങ്ങൾ വാങ്ങുന്നതിനായി ജൂലൈ 30നാണ് ടെഡ്വിൻസൺ പോളും കുടുംബാംഗങ്ങളും ഉൾപ്പെടെ ഒൻപതുപേർ 20 അടി നീളമുള്ള ചെറുബോട്ടിൽ യാത്ര തിരിച്ചത്. എന്നാൽ യാത്രയ്ക്കിടെ ശക്തമായ കൊടുങ്കാറ്റിൽ അകപ്പെട്ടതോടെ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി. ഇന്ധനം തീർന്നതോടെ ബോട്ട് കടലിലൂടെ ഒഴുകിനടക്കുകയായിരുന്നു.
രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടാനായി സമീപത്തുകൂടി കടന്നുപോയ കപ്പലുകൾക്കും വിമാനങ്ങൾക്കും ഇവർ കൈവീശി സൂചനകൾ നൽകിയെങ്കിലും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ദിവസങ്ങൾ പിന്നിട്ടതോടെ വിശപ്പും നിർജ്ജലീകരണവും സംഘത്തെ തളർത്തി. ഒടുവിൽ ഒരു കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ വേദനയോടെ കടലിലേക്ക് തള്ളേണ്ടിവന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
3,000 മൈലിലധികം ദൂരം താണ്ടി കരയിലെത്തി
ഏകദേശം 100 ദിവസത്തോളം കടലിൽ അലഞ്ഞുതിരിഞ്ഞ ബോട്ട് 3,000 മൈലിലധികം ദൂരം പിന്നിട്ടാണ് നവംബർ ഒന്നിന് കിരിബാത്തിയിലെ ഫാനിങ് ദ്വീപിന്റെ തീരത്തെത്തിയത്. പവിഴപ്പുറ്റുകളിൽ തട്ടി ബോട്ട് തകർന്നതോടെ അതിജീവിച്ച മൂന്ന് പുരുഷന്മാരും രണ്ട് കൗമാരക്കാരും കരയിലേക്ക് നീങ്ങി.
പള്ളിമണിയുടെ ശബ്ദം പിന്തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെത്തിയ ഇവർ കടുത്ത പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം അവശരായിരുന്നു. വസ്ത്രങ്ങൾ പോലുമില്ലാത്ത നിലയിൽ എത്തിയ ഇവരെ ആദ്യം ഗ്രാമവാസികൾ മദ്യപിച്ചെത്തിയവരാണെന്ന് തെറ്റിദ്ധരിച്ചതായും റിപ്പോർട്ടിലുണ്ട്. പിന്നീട് സ്ഥിതിഗതികൾ മനസ്സിലാക്കിയ പള്ളിയിലെ പാസ്റ്റർ ഇവർക്ക് പ്രാഥമിക പരിചരണം നൽകി.
ആരോഗ്യനിലയിൽ പുരോഗതി
നിലവിൽ നഴ്സിങ് ഓഫീസർ പൗകിൻ ടൊറോറോയുടെ മേൽനോട്ടത്തിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഭക്ഷണത്തോടും ചികിത്സയോടും ഇവർ നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.
അതിജീവിച്ചവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനായി കിരിബാത്തി സർക്കാരുമായി ചർച്ചകൾ ആരംഭിച്ചതായി ചൂക്ക് ഗവർണർ അലക്സാണ്ടർ നറൂഹ് സ്ഥിരീകരിച്ചു.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.