ബിസിനസ്ടുഡേ

പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ തുടർ പരിശോധനകൾ; ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ലെന്ന് സർക്കാർ നിർദേശം

പെട്രോളിലെ എഥനോൾ അളവ് കണ്ടെത്തുന്നതിനായി തുടർ പരിശോധനകൾ നടത്താൻ സർക്കാർ നിർദേശം നൽകി. ഒറ്റ പരിശോധനയിൽ നടപടികൾ അവസാനിപ്പിക്കില്ലെന്നും പരിശോധനയിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Petrol Ethanol

പെട്രോളിലെ എഥനോൾ അളവ് സ്ഥിരീകരിക്കുന്നതിനായി സംസ്ഥാനത്ത് നടത്തുന്ന പരിശോധനകൾ ഒറ്റത്തവണയായി അവസാനിപ്പിക്കില്ലെന്ന് സർക്കാർ. തുടർ പരിശോധനകൾ നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. പരിശോധനയിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പെസോ അംഗീകൃത ബോട്ടിലുകൾ എത്തിച്ചു.

കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്തുന്നത്. നാല് ജില്ലകളിലെ അഞ്ച് പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷനാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

ഇ20 പെട്രോൾ വിവാദം കേന്ദ്രവും പരിശോധിക്കും

ഇതിനിടെ, ഇ20 പെട്രോൾ വിവാദം വിലയിരുത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇ20 പെട്രോളിനെതിരെ ഉയരുന്ന പ്രചാരണങ്ങളെ ചെറുക്കാനുള്ള നീക്കവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിന് വിഷയം ഉപയോഗിക്കാനുള്ള ശ്രമമാണിതെന്നും ആരോപണമുണ്ട്.

പരിശോധനാ ഫലങ്ങളിൽ കേന്ദ്രവും കർണാടകയും തമ്മിൽ ഭിന്നത

പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടെന്നായിരുന്നു കർണാടക സർക്കാരിന്റെ കണ്ടെത്തൽ. സംസ്ഥാനത്തെ 80 ശതമാനം പമ്പുകളിലും അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന അളവിൽ എഥനോൾ കലർന്ന പെട്രോളാണ് വിൽക്കുന്നതെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.

എന്നാൽ കർണാടകത്തിന്റെ പരിശോധനാ ഫലം എണ്ണക്കമ്പനികളും കേന്ദ്ര പെട്രോളിയം മന്ത്രാലയവും തള്ളി. രാജ്യത്തുടനീളം നടത്തിയ 893 സാമ്പിളുകളുടെ പരിശോധനയിൽ എഥനോൾ അളവ് 19 മുതൽ 21 ശതമാനം വരെയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കർണാടകത്തിൽ നിന്നുള്ള 56 സാമ്പിളുകളും ഈ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടു.

അതേസമയം, പെട്രോൾ സാമ്പിളുകൾ പരിശോധിച്ചത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന കേന്ദ്രത്തിന്റെ വാദം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളി. കേന്ദ്രം മറച്ചുവെക്കാൻ ശ്രമിച്ച പരിശോധനാ റിപ്പോർട്ടാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.