സിനിമ ടുഡേ

കുഞ്ചാക്കോ ബോബന്റെ മാസ് പൊലീസ് അവതാരം; 'ഉന്മാദം' അഡ്വാൻസ് ബുക്കിംഗ് തുടങ്ങി!

കുഞ്ചാക്കോ ബോബൻ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന 'ഉന്മാദം' നാളെ മുതൽ തിയേറ്ററുകളിൽ. 🔥 മിസ്റ്ററി, ഹൊറർ, സസ്പെൻസ് നിറഞ്ഞ കഥയും വ്യത്യസ്തമായ പൊലീസ് കഥാപാത്രവുമായി ചാക്കോച്ചൻ എത്തുമ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷയും ഉയരുകയാണ്. അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചു. 🎟️🍿

actor
actor

'നായാട്ട്', 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്ന 'ഉന്മാദം' നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ 'അകലെ...', 'എറുന്നോ...' എന്നീ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് 'കളങ്കാവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുജീബ് മജീദാണ്.

'ഇഷ്‌ക്' എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'ഉന്മാദം'. തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ നിരവധി ശ്രദ്ധേയ മലയാള ചിത്രങ്ങളുടെ എഡിറ്ററായിരുന്ന കിരൺ ദാസ്, ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

ട്രെയിലർ നൽകുന്ന സൂചന പ്രകാരം, പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു പൊലീസ് ഓഫീസറായ ഷെല്ലി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ലിജോമോൾ ജോസ് ഷെല്ലിയുടെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്.

ഒരു പൊലീസ് സ്റ്റേഷനിലെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ദുരൂഹമായ ഒരു കേസ് ഫയലിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കേസ് അന്വേഷിക്കുന്നതിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും 'ഉന്മാദ'ത്തിനുണ്ട്. പതിവ് അന്വേഷണ ത്രില്ലറുകളിൽ നിന്ന് മാറി മിസ്റ്ററി–ഹൊറർ പശ്ചാത്തലത്തിലാണ് ഷാഹി കബീർ ഇത്തവണ കഥ ഒരുക്കിയിരിക്കുന്നത്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, സിജോയ് വർഗീസ്, വിസ്നേശ്വർ സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാമത്തെ നിർമാണ സംരംഭമായ 'ഉന്മാദം' ടി-സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും നിർമ്മിക്കുന്ന ചിത്രത്തിന് റാം മിർച്ചന്ദാനിയും രാജേഷ് മേനോനും സഹനിർമാതാക്കളാണ്. ഛായാഗ്രഹണം അർജുൻ സേതു നിർവഹിച്ചിരിക്കുന്നു.

സസ്പെൻസും സൂപ്പർനാച്ചുറൽ ഘടകങ്ങളും നിറഞ്ഞ സിനിമയായിരിക്കും 'ഉന്മാദം' എന്നാണ് ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കിയിരിക്കുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.