ഇന്ത്യ

1 ബി.എച്ച്.കെ ഫ്ലാറ്റുകൾ എവിടെ? ആവശ്യക്കാർ ഏറെയെങ്കിലും നിർമാണത്തിൽ ബിൽഡർമാർക്ക് മടി

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ 1 ബി.എച്ച്.കെ ഫ്ലാറ്റുകളുടെ ലഭ്യത കുറയുന്നു. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും നിർമാണച്ചെലവും ലാഭവിഹിതവും കണക്കിലെടുത്ത് വലിയ ഫ്ലാറ്റുകൾക്ക് മുൻഗണന നൽകുകയാണ് ബിൽഡർമാർ.

BHK
BHK

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ 1 ബി.എച്ച്.കെ ഫ്ലാറ്റുകളുടെ ലഭ്യത ഗണ്യമായി കുറയുന്നതായി പുതിയ കണക്കുകൾ. സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി എത്തുന്ന സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്ന 1 ബി.എച്ച്.കെ ഫ്ലാറ്റുകൾക്ക് ആവശ്യക്കാർ ഉണ്ടെങ്കിലും, ഇത്തരം വീടുകൾ നിർമിക്കാൻ ബിൽഡർമാർക്ക് താൽപര്യം കുറയുകയാണ്.

വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ 13 ശതമാനം പേരും 1 ബി.എച്ച്.കെ ഫ്ലാറ്റുകളാണ് അന്വേഷിക്കുന്നത്. എന്നാൽ വിപണിയിൽ ലഭ്യമായ ആകെ ഫ്ലാറ്റുകളിൽ 5 ശതമാനം മാത്രമാണ് 1 ബി.എച്ച്.കെ. ആവശ്യവും ലഭ്യതയും തമ്മിലുള്ള ഈ അന്തരം ചെറു ഫ്ലാറ്റുകൾ തേടുന്നവർക്ക് തിരിച്ചടിയാകുകയാണ്.

അതേസമയം, 2 ബി.എച്ച്.കെ, 3 ബി.എച്ച്.കെ ഫ്ലാറ്റുകളുടെ കാര്യത്തിൽ ചിത്രം വ്യത്യസ്തമാണ്. 2 ബി.എച്ച്.കെ ഫ്ലാറ്റുകൾക്ക് 42 ശതമാനം ആവശ്യക്കാരുള്ളപ്പോൾ ലഭ്യത 32 ശതമാനമാണ്. 3 ബി.എച്ച്.കെ ഫ്ലാറ്റുകൾക്ക് 37 ശതമാനം ആവശ്യക്കാരാണുള്ളത്, എന്നാൽ വിപണിയിലെ ലഭ്യത 46 ശതമാനമാണ്.

നിർമാണച്ചെലവും ലാഭവിഹിതവും കണക്കിലെടുത്ത് വലിയ യൂണിറ്റുകൾക്ക് ബിൽഡർമാർ കൂടുതൽ മുൻഗണന നൽകുന്നതാണ് 1 ബി.എച്ച്.കെ ഫ്ലാറ്റുകളുടെ ലഭ്യത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.