ഇന്ത്യ

ബഹിരാകാശ മേഖലയിലെ നയമാറ്റങ്ങളിൽ ആശങ്ക; ഐഎസ്ആർഒയുടെ ഭാവിയിൽ ആശങ്കയറിയിച്ച് പെൻഷനേഴ്സ് അസോസിയേഷൻ

ഇന്ത്യൻ ബഹിരാകാശ മേഖലയിലെ പുതിയ നയമാറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐഎസ്ആർഒ പെൻഷനേഴ്സ് അസോസിയേഷൻ. ഐഎസ്ആർഒയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന സംശയവും വിരമിച്ച ശാസ്ത്രജ്ഞരും ജീവനക്കാരും ഉന്നയിച്ചു.

image

ഇന്ത്യൻ ബഹിരാകാശ മേഖലയിലെ പുതിയ നയമാറ്റങ്ങളിലും ഐഎസ്ആർഒയുടെ ഭാവിയിലും ആശങ്ക പ്രകടിപ്പിച്ച് ഐഎസ്ആർഒ പെൻഷനേഴ്സ് അസോസിയേഷൻ. മുൻ ഐഎസ്ആർഒ ചെയർമാൻ ജി. മാധവൻ നായർ, എം.സി. ദത്തൻ, എൻ. നാരായണമൂർത്തി തുടങ്ങിയ മുതിർന്ന ശാസ്ത്രജ്ഞർ പങ്കെടുത്ത ചടങ്ങിലാണ് പുതിയ നയങ്ങളെക്കുറിച്ചും ബാഹ്യ ഇടപെടലുകളെക്കുറിച്ചുമുള്ള ആശങ്കകൾ ഉയർന്നത്.

ഐഎസ്ആർഒയുടെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാണ് വിരമിച്ച ശാസ്ത്രജ്ഞരും ജീവനക്കാരും ഉന്നയിക്കുന്ന പ്രധാന ആശങ്ക. ചട്ടങ്ങൾ പാലിക്കാതെയുള്ള ഇൻസ്പേസ് ചെയർമാന്റെ നിയമനം, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലെ ഇടപെടലുകൾ, സാങ്കേതികവിദ്യകളും സംവിധാനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന രീതി തുടങ്ങിയ വിഷയങ്ങളിൽ ഇവർ വിയോജിപ്പ് പ്രകടിപ്പിച്ചു.

പ്രശ്നങ്ങളുടെ ആദ്യ സൂചന ലഭിച്ചപ്പോൾ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നുവെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി. മാധവൻ നായർ പറഞ്ഞു. നിലവിലെ ചെയർമാൻ വി. നാരായണനും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. നിർണായക സാങ്കേതികവിദ്യകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുമ്പോൾ കമ്പനികൾക്ക് ലഭിക്കുന്ന വിദേശ ഫണ്ടിങ്ങിന്റെ കാര്യത്തിലും ജാഗ്രത വേണമെന്ന് മുതിർന്ന ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

പിഎസ്എൽവിയുടെ തുടർച്ചയായ പരാജയങ്ങൾക്ക് പിന്നാലെ ഐഎസ്ആർഒയുടെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ഇടപെടലുണ്ടായതായി എം.സി. ദത്തൻ ആരോപിച്ചു. ഉന്നതതല ഇടപെടലുകളെ തുടർന്ന് ചില വിക്ഷേപണങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നതായും ഇത് ജീവനക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിനുള്ളിൽ വലിയ അതൃപ്തിയും ആശങ്കയും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ നയമാറ്റങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് എൻ. നാരായണമൂർത്തിയുടെ മുന്നറിയിപ്പ്. ഇത്തരം തീരുമാനങ്ങളുടെ യഥാർഥ ഫലങ്ങൾ തിരിച്ചറിയാൻ പത്ത് വർഷമെങ്കിലും വേണ്ടിവരുമെന്നും സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളും അനുബന്ധ സാങ്കേതികവിദ്യകളും എത്രത്തോളം വിജയകരമാകുമെന്ന് അപ്പോഴേ വ്യക്തമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയിൽ ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സാങ്കേതിക കരുത്തും സ്വയംപര്യാപ്തതയും നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുതിർന്ന ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഐഎസ്ആർഒയിൽ നിന്ന് വിരമിച്ച നിരവധി ശാസ്ത്രജ്ഞരും എൻജിനീയർമാരും പങ്കെടുത്തു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.