ഇന്ത്യ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ആയിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്; നടപടി പുലർച്ചെ മുതൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്തർ പ്രക്ഷോഭത്തിന് മുന്നോടിയായി ഡൽഹിയിൽ ആയിരത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കിയതെന്നാണ് വിവരം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Polices

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടിയും (സിജെപി) ഇടത് വിദ്യാർഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ആയിരത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ മുതൽ വ്യാപകമായ കരുതൽ തടങ്കൽ നടപടികൾ ആരംഭിച്ചതായാണ് വിവരം.

വെള്ളിയാഴ്ച അർധരാത്രിവരെ ലഭിച്ച കണക്കുകൾ പ്രകാരം കസ്റ്റഡിയിലായവരിൽ 250ഓളം പേർ തെക്കുകിഴക്കൻ ഡൽഹിയിൽ നിന്നുള്ളവരാണ്. ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഷഹീൻ ബാഗ്. ഈ പ്രദേശത്തും സമീപ മേഖലകളിലും പൊലീസ് പരിശോധന ശക്തമാക്കിയതായാണ് വിവരം.

ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഡൽഹിയിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാർ കൂട്ടത്തോടെ ജന്തർ മന്തറിലേക്ക് എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നാണ് റിപ്പോർട്ട്.

അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ കൃത്യമായ എണ്ണവും നടപടികളുടെ വിശദാംശങ്ങളും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.