ഇറാൻ–യുഎഇ തർക്കത്തിൽ ഇന്ത്യയുടെ നിർണായക ഇടപെടൽ; മോദി നേരിട്ട് രംഗത്ത്, ചൈനയുമായും ചർച്ചയ്ക്ക് സാധ്യത
സംയുക്ത പ്രഖ്യാപനത്തിൽ ധാരണയിലെത്തുന്നതിനായി ഇറാനും യുഎഇയും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ ഇന്ത്യ ശ്രമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ നേരിട്ട് ഇടപെടുമെന്നാണ് സൂചന. അതേസമയം, സാങ്കേതിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യ ഉന്നയിച്ചേക്കും.
ദില്ലി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ധാരണയിലെത്താൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. ഇറാനും യുഎഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം ചർച്ച നടത്തുമെന്നാണ് വിവരം.
പശ്ചിമേഷ്യയിലെ സംഘർഷം എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. പലസ്തീൻ വിഷയവും പ്രഖ്യാപനത്തിൽ ഇടംപിടിച്ചേക്കും. നിലവിലെ കരട് പ്രഖ്യാപനത്തിൽ ഇറാൻ–യുഎഇ ഭിന്നത തുടരുന്നുവെന്നാണ് സൂചന.
അതേസമയം, പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിലേക്ക് ഇന്ത്യ കായികതാരങ്ങളെ അയച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ചൈനയുടെ കയറ്റുമതി നിയന്ത്രണവും ചർച്ചയാകും
സാങ്കേതിക മേഖലയിലെ നിർണായക ഘടകങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും ചൈന ഏർപ്പെടുത്തിയിരിക്കുന്ന കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകളും വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ ഉന്നയിച്ചേക്കും.
വർഷങ്ങളായി തണുത്തുനിൽക്കുന്ന സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഉച്ചകോടിക്ക് മുന്നോടിയായി ചൈനയുമായുള്ള വ്യാപാര, നിക്ഷേപ മേഖലകളിലെ തടസ്സങ്ങൾ സംബന്ധിച്ച് വ്യവസായ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ നേരിടുന്ന കസ്റ്റംസ് തടസ്സങ്ങളും സങ്കീർണമായ നടപടിക്രമങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയെ ബാധിക്കുന്ന കസ്റ്റംസ് മാനദണ്ഡങ്ങളും വാണിജ്യ–വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ‘ചൈന ഡെസ്ക്’ പ്രത്യേകം അവലോകനം ചെയ്തുവരികയാണ്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.