ഇന്ത്യ

ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ; ഭർത്താവിനെതിരെ കോടതിയലക്ഷ്യ നടപടി

ജോലിയുള്ള ഭാര്യയ്ക്ക് ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ? മലപ്പുറം സ്വദേശിയായ ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട ഈ ചോദ്യം സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. വിവാഹമോചന നടപടികളുടെ ഭാഗമായാണ് ജീവനാംശം സംബന്ധിച്ച തർക്കം രാജ്യത്തെ പരമോന്നത കോടതിയിലെത്തിയത്.

India..

വിവാഹമോചനക്കേസിൽ ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകണമോ എന്ന തർക്കം സുപ്രീംകോടതിയിലെത്തിയതിന് പിന്നാലെ, കേസിലെ ഹർജിക്കാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ മറ്റൊരു നിയമനടപടിക്കും വഴിതുറന്നു. ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ ഫെയ്സ്ബുക്കിലൂടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മലപ്പുറം സ്വദേശി ഇ.പി. ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. നവംബറിൽ നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു.

മലപ്പുറം സ്വദേശിയായ ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട നടപടികളാണ് സുപ്രീംകോടതിയിലെത്തിയത്. ഭാര്യയ്ക്ക് ജോലി ഉണ്ടായിരിക്കെ ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു ഹർജിയിലെ പ്രധാന വിഷയം.

കേസ് പരിഗണിച്ച തിരുവല്ല കുടുംബക്കോടതി ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഭാര്യയുടേത് താൽക്കാലിക ജോലിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, അവർക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് ഉത്തരവിട്ടു. ജീവനാംശത്തുക നിശ്ചയിക്കാൻ കുടുംബക്കോടതിക്ക് നിർദേശവും നൽകി. ഈ ഉത്തരവിനെതിരെയാണ് ജയപ്രകാശ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസിന്റെ നടപടികൾക്കിടെ ജയപ്രകാശ് ഫെയ്സ്ബുക്കിലൂടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതായി ഭാര്യ സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ ആരോപിച്ചു. 2023ൽ വിധി പറയാൻ വൈകിയെന്ന് ആരോപിച്ച് തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ വാഹനം തകർത്ത കേസിലും ജയപ്രകാശ് പ്രതിയാണെന്ന് കോടതിയെ അറിയിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ച ജസ്റ്റിസുമാരായ എ. അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരന്റെ പരാമർശങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി ജഡ്ജിക്കെതിരെയടക്കം നടത്തിയ പരാമർശങ്ങളും കോടതി വിമർശിച്ചു.

തുടർന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. നവംബറിൽ നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു. ഒരു ലക്ഷം രൂപ പിഴ ചുമത്തുന്നതിനെക്കുറിച്ചും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.