മന്ത്രിമാർക്കും എംപിമാർക്കും പുതിയ വാഹനം വാങ്ങാൻ 31 ലക്ഷം രൂപ വരെ ചെലവഴിക്കാം; ഉത്തരവിറക്കി കർണാടക സർക്കാർ
കർണാടകത്തിൽ മന്ത്രിമാർക്കും എംപിമാർക്കും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി വർധിപ്പിച്ച് സംസ്ഥാന സർക്കാർ. നിലവിലെ 26 ലക്ഷം രൂപയിൽ നിന്ന് 31 ലക്ഷം രൂപയായാണ് പരിധി ഉയർത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും സർക്കാർ പുറത്തിറക്കി.

കർണാടകത്തിൽ മന്ത്രിമാർക്കും ലോക്സഭാ, രാജ്യസഭാ എംപിമാർക്കും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി വർധിപ്പിച്ച് സംസ്ഥാന സർക്കാർ. നിലവിലെ 26 ലക്ഷം രൂപയിൽ നിന്ന് 31 ലക്ഷം രൂപയായാണ് പരിധി ഉയർത്തിയത്. ഒക്ടോബർ എട്ടിന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം.
പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജിഎസ്ടി ഉൾപ്പെടെയുള്ള എക്സ് ഷോറൂം വിലയുടെ പരമാവധി പരിധിയാണ് 31 ലക്ഷം രൂപയായി നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ 2022 ഓഗസ്റ്റ് 18ന് ബിജെപി സർക്കാർ അധികാരത്തിലിരിക്കെയാണ് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി പുതുക്കി നിശ്ചയിച്ചത്. അന്ന് എക്സ് ഷോറൂം വില 23 ലക്ഷം രൂപയായും ജിഎസ്ടി ഉൾപ്പെടെ പരമാവധി 26 ലക്ഷം രൂപയായുമാണ് നിശ്ചയിച്ചിരുന്നത്.
ധനകാര്യ വകുപ്പിന്റെ അനുമതിയോടെയാണ് ഇപ്പോൾ ചെലവ് പരിധി വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. മുൻ പരിധിയേക്കാൾ അഞ്ച് ലക്ഷം രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഇന്ധനക്ഷമത കൂടുതലുള്ളതും അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് കുറഞ്ഞതുമായ മോഡലുകൾക്ക് മുൻഗണന നൽകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സപ്ലൈസ് ആൻഡ് ഡിസ്പോസൽ (DGS&D) നിരക്കുകൾ പാലിച്ചായിരിക്കണം വാഹനങ്ങൾ വാങ്ങേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പുതിയ ഉത്തരവ് പ്രകാരം കർണാടകത്തിലെ മന്ത്രിമാർക്കും ലോക്സഭാ, രാജ്യസഭാ എംപിമാർക്കും ജിഎസ്ടി ഉൾപ്പെടെ 31 ലക്ഷം രൂപ വരെ വിലയുള്ള പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതിയുണ്ടാകും.


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.