ഇന്ത്യ

‘നോ യുപിഐ ഡേ’ പ്രതിഷേധത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി; തീരുമാനം നിർമല സീതാരാമനുമായുള്ള ചർച്ചയ്ക്ക് പിന്നാലെ

ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ‘നോ യുപിഐ ഡേ’ പ്രതിഷേധത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി. ₹2000-ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

upi.

ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ‘നോ യുപിഐ ഡേ’ പ്രതിഷേധത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി. ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്സ് അസോസിയേഷനും ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനുമാണ് സമരം പിൻവലിച്ചതായി അറിയിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി വ്യാപാര പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പുതിയ നിരക്ക് ചെറുകിട വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് സംഘടനകളുടെ വാദം.

ബിജെപി എംപിയും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ജനറൽ സെക്രട്ടറിയുമായ പ്രവീൺ ഖണ്ഡേൽവാൾ, എഐഎംആർഎ ഫൗണ്ടർ ചെയർമാൻ കൈലാഷ് ലഖിയാനി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ധനമന്ത്രിക്ക് സംയുക്ത നിവേദനം സമർപ്പിച്ചു.

എംഡിആർ നടപ്പാക്കുന്നത് നീട്ടിവയ്ക്കുക, ഘട്ടംഘട്ടമായി നടപ്പാക്കുക, ഇടപാട് തുകയുടെ പരിധിയിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ മുന്നോട്ടുവച്ചത്. വ്യാപാരികൾ തമ്മിലുള്ള ഇടപാടുകളെ എംഡിആറിൽ നിന്ന് ഒഴിവാക്കണമെന്നും റീട്ടെയിൽ, വിതരണ മേഖലകളിലെ ആശങ്കകൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

0.40 ശതമാനം എംഡിആർ ഒറ്റയടിക്ക് ഏർപ്പെടുത്തുന്നതിന് പകരം ആദ്യഘട്ടത്തിൽ 0.20 ശതമാനമായി നിശ്ചയിക്കണമെന്നാണ് പ്രതിനിധി സംഘത്തിന്റെ നിർദേശം. പിന്നീട് പ്രതിവർഷം 0.05 ശതമാനം വീതം വർധിപ്പിച്ച് 0.40 ശതമാനത്തിലെത്തിക്കാമെന്നും സംഘം നിർദേശിച്ചു.

വ്യാപാരികളുടെ ആശങ്കകൾ പരിഗണിച്ച് പരിഹാരം കണ്ടെത്താമെന്ന് ധനമന്ത്രി ഉറപ്പുനൽകിയതായി സംഘടനകൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ‘നോ യുപിഐ ഡേ’ പ്രതിഷേധം പിൻവലിക്കാൻ തീരുമാനിച്ചതെന്നും അസോസിയേഷനുകൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.