ഇന്ത്യ

അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ കൂട്ടപ്പിരിച്ചുവിടൽ; ഗുരുഗ്രാമിൽ 50% ജീവനക്കാരെ ബാധിച്ചേക്കും

ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ കൂട്ടപ്പിരിച്ചുവിടലിന് നീക്കം. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 700 ജീവനക്കാരുള്ള ടെക് ഹബ്ബിൽ 350ഓളം പേർക്ക് ജോലി നഷ്ടമായേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

adidas
adidas

പ്രമുഖ അന്താരാഷ്ട്ര കായിക ബ്രാൻഡായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിലാണ് പിരിച്ചുവിടൽ നടപടികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹബ്ബിലെ ജീവനക്കാരിൽ ഏകദേശം 50 ശതമാനം പേരെ നടപടി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി അഡിഡാസ് സ്ഥിരീകരിച്ചെങ്കിലും എത്ര പേരെ ഇത് ബാധിക്കുമെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ഗുരുഗ്രാമിലെ ടെക് ഹബ്ബിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ തുടങ്ങിയവരെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്. ഏകദേശം 700 ജീവനക്കാരാണ് ഹബ്ബിൽ ജോലി ചെയ്യുന്നത്. ഇതിൽ 300 മുതൽ 350ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

സെപ്റ്റംബർ 15ന് നടന്ന ടൗൺഹാൾ യോഗത്തിലാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം കമ്പനി അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ചില ജീവനക്കാർക്ക് അന്നുതന്നെ എക്സിറ്റ് ലെറ്ററുകൾ നൽകിയതായും റിപ്പോർട്ടുണ്ട്. മറ്റൊരു വിഭാഗത്തോട് ഡിസംബർ 15 വരെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്പനിയിലെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനും സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറുന്നതിനുമായി ഈ ജീവനക്കാർക്ക് ഡിസംബർ വരെ സമയം അനുവദിച്ചെന്നാണ് റിപ്പോർട്ട്. ഈ കാലയളവിനുള്ളിൽ അഡിഡാസിൽ മറ്റൊരു തസ്തിക ലഭിക്കാത്തവരുടെ അവസാന പ്രവൃത്തിദിനം ഡിസംബർ 15 ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അഡിഡാസ് വ്യക്തമാക്കിയതനുസരിച്ച്, ബിസിനസിന്റെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ടെക് വിഭാഗത്തിന്റെ പ്രവർത്തനരീതി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. സംഘടനാ ഘടന ലളിതമാക്കുകയും നിർണായക ശേഷികൾ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.

പിരിച്ചുവിടൽ നടപടിക്ക് വിധേയരാകുന്ന ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളെയും മറ്റ് വ്യവസ്ഥകളെയും കുറിച്ച് കമ്പനി കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ജീവനക്കാർക്ക് ആവശ്യമായ ട്രാൻസിഷൻ സഹായം നൽകുമെന്ന് അഡിഡാസ് അറിയിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.