ഇന്ത്യ

പ്രധാനമന്ത്രി ട്രോളുകൾ കണ്ട് നടപടിയെടുക്കുന്നു; വിദ്യാർഥികൾ ചിന്തിക്കുന്നതും ചോദ്യം ചോദിക്കുന്നതും അവർ ആഗ്രഹിക്കുന്നില്ല

വിദ്യാർഥികൾ ചിന്തിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും ഭരണകൂടം ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംവിധാനവും വിദ്യാഭ്യാസത്തെ എതിർക്കുന്നതെന്നും വിമർശനം.

Modighi

സർവകലാശാലകളിലെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബി.ആർ. അംബേദ്കർ, ജ്യോതിറാവു ഫൂലെ തുടങ്ങിയവരുടെ രചനകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ ചിന്തിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

അംബേദ്കറുടെ ‘Annihilation of Caste’, ജ്യോതിറാവു ഫൂലെയുടെ ‘Gulamgiri’ ഉൾപ്പെടെയുള്ള രചനകളെ വിമർശിച്ചുകൊണ്ട് സെപ്റ്റംബർ 26ന് ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബർ 27ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേന്ദ്ര സർവകലാശാലകളോട് ബന്ധപ്പെട്ട കോഴ്സുകളെക്കുറിച്ചുള്ള അഭിപ്രായവും വിദ്യാർഥികളുടെ എൻറോൾമെന്റ് വിവരങ്ങളും അടിയന്തരമായി നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ച ആശയവിനിമയത്തെ തുടർന്നാണ് വിവരങ്ങൾ തേടുന്നതെന്ന് മന്ത്രാലയത്തിന്റെ ഇ-മെയിലിൽ വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

ഈ റിപ്പോർട്ടുകളോട് പ്രതികരിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംവിധാനവും സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് ആരോപിച്ചു. വിദ്യാർഥികൾ ചിന്തിക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യുന്നത് അവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, യുവാക്കളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിന് പിന്നാലെ സർവകലാശാലകളിൽനിന്ന് വിവരങ്ങൾ തേടിയ നടപടി ഞെട്ടിക്കുന്നതാണെന്നും വിമർശിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.