INDIA

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഇന്ന് ₹1,280 വർധിച്ചു

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ₹1,280യും ഗ്രാമിന് ₹160യും വർധിച്ചതോടെ ആഭരണം വാങ്ങാൻ ഒരുങ്ങിയവർക്ക് തിരിച്ചടി.

Swarnam
Swarnam

ദിവസങ്ങളായി തുടർന്ന വിലസ്ഥിരതയ്ക്ക് പിന്നാലെ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് പവന് ₹1,280 വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില ₹1,06,880 ആയി. ഗ്രാമിന് ₹160 ഉയർന്ന് ₹13,360-ലെത്തി.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും വില വർധിക്കാൻ പ്രധാന കാരണം. യു.എസ്–ഇറാൻ ബന്ധത്തിൽ അനുകൂല സൂചനകൾ ഉണ്ടായതോടെ ആഗോള സാമ്പത്തിക വിപണികളിൽ ചലനമുണ്ടായി. ഡോളറിന്റെ മൂല്യം താഴ്ന്നതും ക്രൂഡ് ഓയിൽ വില കുറഞ്ഞതും സ്വർണത്തിലേക്കുള്ള നിക്ഷേപ താൽപര്യം വർധിപ്പിച്ചു.

സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,135.14 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 4,050 ഡോളറിനടുത്തായിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യു.എസ്–ഇറാൻ ധാരണയിലെത്തുന്നതിനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വിപണിയെ സ്വാധീനിച്ചു.

ഇതിനിടെ, ഡോളർ സൂചിക 0.10 ശതമാനം താഴ്ന്ന് 99.77 നിലവാരത്തിലെത്തി. ഒപെക്‌സ്+ രാജ്യങ്ങൾ എണ്ണ ഉൽപാദനം വർധിപ്പിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയും ഒരു ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 78 ഡോളർ നിലവാരത്തിലെത്തി.

വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,184 ഡോളറിനും 4,222 ഡോളറിനും മുകളിലേക്ക് കടന്നാൽ വിലയിൽ വീണ്ടും ശക്തമായ മുന്നേറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ 4,120 ഡോളറും 4,089 ഡോളറുമാണ് പ്രധാന പിന്തുണാ നിലവാരങ്ങളായി കണക്കാക്കുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.