ഇന്ത്യ

വസ്ത്രധാരണത്തെച്ചൊല്ലി വിവാദം; കൃതി സാനൻ അഭിനയിച്ച പരസ്യം പിൻവലിച്ച് ജ്വല്ലറി

വിവാദമായ പരസ്യം പിൻവലിച്ച് ജ്വല്ലറി; ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും തങ്ങൾക്ക് വലിയ ബഹുമാനമെന്ന് വിശദീകരണം. പരസ്യം ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കിൽ അത് മനഃപൂർവമല്ലെന്നും കമ്പനി വ്യക്തമാക്കി.

actress
actress

വസ്ത്രധാരണത്തെച്ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് നടി കൃതി സാനൻ അഭിനയിച്ച രക്ഷാബന്ധൻ പരസ്യം പിൻവലിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ഗിവ്. രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യത്തിനെതിരെ ബിജെപി എംപി കങ്കണ റണൗട്ട് ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് നടപടി.

ബ്രാലെറ്റ് ധരിച്ച കൃതി സാനൻ സഹോദരനും വളർത്തുനായയ്ക്കും രാഖി കെട്ടുന്നതായിരുന്നു പരസ്യത്തിലെ ദൃശ്യം. നടിയുടെ വസ്ത്രധാരണമാണ് പ്രധാനമായും വിമർശനത്തിന് ഇടയാക്കിയത്.

വിവാദത്തിന് പിന്നാലെ പരസ്യം പിൻവലിക്കുന്നതായി ജ്വല്ലറി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും ഉത്സവങ്ങളോടും തങ്ങൾക്ക് വലിയ ബഹുമാനമുണ്ടെന്നും പരസ്യം സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന്റെ വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവമല്ലെന്നും കമ്പനി വ്യക്തമാക്കി. ആദരസൂചകമായി പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും പിൻവലിക്കുകയാണെന്നും കമ്പനി അറിയിച്ചു.

പരസ്യത്തിനെതിരെ കങ്കണ റണൗട്ട് രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ കൃതി സാനനും സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. നടിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.