യു.എസ്. താരിഫ് ഭീഷണിക്കിടെ ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി; വ്യാപാരവും ആഗോള വിഷയങ്ങളും ചർച്ചയായി
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, പ്രതിരോധം, ഊർജം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളും ആഗോള സമാധാനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളും ചർച്ചയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപര്യത്തിനായി സഹകരണം കൂടുതൽ ആഴത്തിലാക്കാനും അടുത്ത ബന്ധം തുടരാനും ധാരണയായി. പരസ്പരം സമ്പർക്കം നിലനിർത്താനും ഇരുനേതാക്കളും തീരുമാനിച്ചു.
ട്രംപുമായുള്ള സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് മോദി പിന്നീട് സമൂഹമാധ്യമത്തിൽ അറിയിച്ചു. വ്യാപാരം ഉൾപ്പെടെയുള്ള ഉഭയകക്ഷി സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം മേഖലാ, അന്താരാഷ്ട്ര സംഭവവികാസങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചതായി അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ ഊർജം വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താൻ അധികാരം നൽകുന്ന പുതിയ യുഎസ് നിയമത്തിന്റെ പശ്ചാത്തലത്തിലാണ് മോദി-ട്രംപ് സംഭാഷണം നടന്നത്. റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട തീരുവ ആശങ്കകൾ നിലനിൽക്കുന്നതിനിടെ ഇരുരാജ്യങ്ങളും വ്യാപാര കരാറിനായുള്ള ചർച്ചകളും തുടരുകയാണ്.


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.