ചേരാനല്ലൂർ ബെൻസ് കാർ അപകടം: ജഡ്ജിയുടെ വീട്ടിൽ 7 മണിക്കൂർ പരിശോധന; ആഡംബര ബൈക്ക് പിടിച്ചെടുത്തു
ചേരാനല്ലൂരിലെ ബെൻസ് കാർ അപകടവുമായി ബന്ധപ്പെട്ട് 17കാരന്റെ പിതാവായ ജഡ്ജിയുടെ വീട്ടിൽ ഏഴ് മണിക്കൂർ നീണ്ട പരിശോധന. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ തുടർന്നു. പരിശോധനയിൽ ആഡംബര ബൈക്കും നിർണായക ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധന അവസാനിച്ചു. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പൊലീസ് പിടിച്ചെടുത്തു.
അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് കോടതിയെ സമീപിക്കും.
പൊലീസിനെതിരെ വിമർശനം ശക്തമായതിനെ തുടർന്നാണ് 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ കേസിൽ പ്രതിചേർത്തത്. പ്രായപൂർത്തിയാകാത്തവർ വാഹനാപകടമുണ്ടാക്കുമ്പോൾ വാഹന ഉടമയുടെയോ രക്ഷിതാവിന്റെയോ ഉത്തരവാദിത്തം സംബന്ധിച്ച മോട്ടോർ വാഹന നിയമത്തിലെ 199A വകുപ്പ് പ്രകാരമാണ് നടപടി.
17കാരൻ സ്ഥിരമായി കാർ ഓടിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനാണ് രാത്രി വൈകി കാറുമായി പുറത്തിറങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിന് മുമ്പ് മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിൽ കാർ ഓടിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് 17കാരൻ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിൽ ഇടിച്ച് മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.