കേരളം

ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിൽ സീലിങ് അടർന്നുവീണു; ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിലെ സീലിങ് അടർന്നുവീണ് അപകടം. ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിൽ ബുധനാഴ്ച രാവിലെ പത്തിനുശേഷമാണ് സംഭവം.

Chair Damage

താലൂക്ക് ഓഫീസ് കെട്ടിടത്തിലെ സീലിങ് അടർന്നുവീണ് അപകടം. ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് ബുധനാഴ്ച രാവിലെ പത്തിനുശേഷം അപകടമുണ്ടായത്. കമ്പ്യൂട്ടറുകൾക്ക് മുകളിലേക്കടക്കം കോൺക്രീറ്റ് പാളികൾ അടർന്നുവീണെങ്കിലും ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ വാട്ടർ ടാങ്കിൽനിന്ന് വെള്ളം ചോർന്ന് കോൺക്രീറ്റ് ദുർബലമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് ജീവനക്കാരെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

നേരത്തെയും കോൺക്രീറ്റ് പാളികൾ അടർന്നുവീണിരുന്നു

ഇതിന് മുമ്പും കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് പാളികൾ അടർന്നുവീണിരുന്നു. അന്ന് ജീവനക്കാർ ഓഫീസിലെത്തുന്നതിന് തൊട്ടുമുമ്പായതിനാൽ ആളപായം ഒഴിവായി. എന്നാൽ കമ്പ്യൂട്ടറുകൾക്കും ഔദ്യോഗിക ഫയലുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

തുടർച്ചയായി അപകടങ്ങൾ ഉണ്ടായിട്ടും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ജീവനക്കാരുടെ പരാതി. ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന ഓഫീസിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

പുതിയ കെട്ടിടത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു

അതേസമയം, താലൂക്ക് ഓഫീസിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പി. പ്രസാദ് എംഎൽഎ അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും രൂപരേഖയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നതാണ് നിർമാണം വൈകാൻ കാരണമായത്.

രൂപരേഖയിലെ തിരുത്തലുകൾ പൂർത്തിയായാൽ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും നിർമാണത്തിന് ഫണ്ട് തടസ്സമല്ലെന്നും എംഎൽഎ വ്യക്തമാക്കി.

നൂറുവർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കണമെന്ന ഉത്തരവുള്ളതിനാൽ നിലവിലെ കെട്ടിടം നിലനിർത്തണോ പൊളിച്ചുനീക്കണോ എന്ന കാര്യത്തിൽ ആർക്കിടെക്റ്റിന്റെ പരിശോധനയ്ക്കുശേഷമേ അന്തിമ തീരുമാനമെടുക്കാനാകൂ. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്റ്റ് ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ല.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.