ഖർഗെക്കെതിരായ ജാത്യാധിക്ഷേപം; ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരായ ജാത്യാധിക്ഷേപത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ദളിതനായതിനാലാണ് ഖർഗെയെ അപമാനിച്ചതെന്ന ആരോപണവുമായി രംഗത്തെത്തിയ കോൺഗ്രസ്, സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ജാതി അധിക്ഷേപം നേരിട്ടുവെന്ന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് വൈകീട്ട് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസ് റാലിയിൽ ഖർഗെ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ അദ്ദേഹം പ്രസംഗിച്ച വേദി ബിജെപി–സംഘപരിവാർ പ്രവർത്തകർ ശുദ്ധീകരിച്ചെന്നാണ് ആരോപണം. ദളിതനായതിനാലാണ് തനിക്ക് വിവേചനവും അപമാനവും നേരിടേണ്ടി വന്നതെന്ന് ഖർഗെ രാജ്യസഭയിൽ ആരോപിച്ചിരുന്നു. രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഖർഗെ പ്രസംഗിച്ച വേദി ശ്രീരാം സേന എന്ന സംഘടന ശുദ്ധീകരിച്ചതായാണ് റിപ്പോർട്ടുകൾ. സാംസ്കാരിക, ആധ്യാത്മിക പരിപാടികൾക്കായി മാത്രം ഉപയോഗിക്കുന്ന വേദിയിൽ രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചതിനാലാണ് ശുദ്ധീകരണം നടത്തിയതെന്നാണ് സംഘടനയുടെ വിശദീകരണം. അതേസമയം, സംഭവത്തിൽ ആരോപണം നേരിടുന്ന ശ്രീരാം സേനയുമായി സംഘടനാപരമായ ബന്ധമില്ലെന്നാണ് ഉത്തരാഖണ്ഡ് ബിജെപിയുടെ നിലപാട്.
ഖർഗെയുടെ പരാതിയിൽ ബിജെപിയും പരിശോധന നടത്തുകയാണ്. വിഷയത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ദളിതർക്കെതിരായ വിവേചനവും രാജ്യത്ത് നിലനിൽക്കുന്ന തൊട്ടുകൂടായ്മയും ചർച്ചയാക്കിയാണ് കോൺഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.