വൈദ്യുതി പ്രതിസന്ധി ഉടൻ തീരില്ല? 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം; കേരളത്തിൽ ഉപഭോഗം കുതിക്കുന്നു
രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിൽ ഗുരുതരമായ കൽക്കരി ക്ഷാമം. ഉയർന്ന താപനിലയെ തുടർന്ന് വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ഇതിനിടെ കേരളത്തിലും ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തി

രാജ്യത്തെ മൂന്നിലൊന്ന് താപവൈദ്യുത നിലയങ്ങളിലും വൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായ കൽക്കരി സ്റ്റോക്ക് കുറഞ്ഞതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിൽ ഗുരുതരമായ കൽക്കരി ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്.
ഓഗസ്റ്റ് അവസാനം 45 താപവൈദ്യുത നിലയങ്ങളിലായിരുന്നു കൽക്കരി ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോൾ ഇത് 59 ആയി ഉയർന്നു. ചില നിലയങ്ങളിൽ മൂന്ന് ദിവസത്തേക്കുള്ള കൽക്കരി പോലും സ്റ്റോക്കില്ലെന്നാണ് റിപ്പോർട്ട്.
അന്തരീക്ഷ താപനില ഉയർന്നതോടെ രാജ്യത്തുടനീളം വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ താപവൈദ്യുത നിലയങ്ങളിലേക്ക് കൽക്കരി എത്തിക്കുന്നതിനായി കൂടുതൽ ട്രെയിനുകൾ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലും വൈദ്യുതി ഉപഭോഗം ഉയർന്നു
ഇതിനിടെ സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു. 96.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണിതെന്ന് കെഎസ്ഇബി അറിയിച്ചു.
ഇന്നലെ മാത്രം സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ 680 മെഗാവാട്ടിലധികം കുറവുണ്ടായി. ആകെ വൈദ്യുതി ആവശ്യകത 5400 മെഗാവാട്ട് വരെ ഉയർന്നു. രാത്രി 10.15ഓടെയാണ് ദിവസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്.
ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതിനെ തുടർന്ന് റീജിയണൽ ലോഡ് ഡെസ്പാച്ച് സെന്റർ ഇടപെട്ടതായും കെഎസ്ഇബി അറിയിച്ചു. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ക്ഷാമത്തിനൊപ്പം സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകതയും ആശങ്ക വർധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.