കേരളം

ന്യൂനമർദം ശക്തമാകുന്നു; കേരളത്തിൽ ഇന്നുമുതൽ മഴ കനക്കും

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം.

heavy rain
heavy rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.

കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കാനും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. ഉയർന്ന തിരമാലയും കള്ളക്കടൽ പ്രതിഭാസവും നിലനിൽക്കുന്ന സാഹചര്യത്തിൽ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഉൾപ്പെടെ ഒഴിവാക്കണമെന്നും തീരശോഷണ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.