ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം; അധ്യാപകൻ ഹൈക്കോടതിയിൽ
ഫ്രീഡം ക്വിസിലെ സവർക്കർ പരാമർശത്തെ തുടർന്നുള്ള സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദാണ് ഹർജി നൽകിയത്.

കൊച്ചി: ഫ്രീഡം ക്വിസിലെ സവർക്കർ പരാമർശത്തെ തുടർന്ന് സസ്പെൻഷനിലായ കാസർകോട് പള്ളത്തടുക്ക എയുപി സ്കൂൾ അധ്യാപകൻ ഗുരുപ്രസാദ് ഹൈക്കോടതിയെ സമീപിച്ചു. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അധ്യാപകനെതിരായ അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.
2026 ഓഗസ്റ്റ് 6ന് നടന്ന ഫ്രീഡം ക്വിസിൽ “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്ന ഉത്തരമാണ് നൽകിയിരുന്നത്. കുമ്പള, കാസർകോട്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ നടത്തിയ ക്വിസിൽ സവർക്കറെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയെന്നാരോപിച്ചാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.
ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വി.ഡി. സവർക്കറുടെ പേരെന്നും അതിന്റെ പേരിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നത് അന്യായമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സവർക്കറുടെ തടവുജീവിതവുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.