കേരളം

സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം, വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 6 പേർക്ക് സ്ഥലംമാറ്റം

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ ആറ് ജീവനക്കാർക്കെതിരെ നടപടി. ഡിപ്പോ പൂട്ടുമെന്ന കുപ്രചരണം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. മറ്റ് അഞ്ച് ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു.

priyadarshni
priyadarshni

തിരുവനന്തപുരം വെള്ളറട കെഎസ്ആർടിസി ഡിപ്പോയിൽ സർക്കാരിന്റെ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആറ് ജീവനക്കാർക്കെതിരെ കടുത്ത വകുപ്പുതല നടപടി. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് കണ്ടക്ടർമാരെയും ഒരു സ്റ്റേഷൻ മാസ്റ്ററെയും മറ്റ് ഡിപ്പോകളിലേക്ക് സ്ഥലംമാറ്റിയത്. സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ഷാജികുമാർ, മോഹൻരാജ്, അനീത് ജെ.എൽ., ദീപക്, രതീഷ് ആർ.ജെ. എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഇതിൽ ഒരു താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു.

വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് യാത്രക്കാർക്കിടയിൽ ഭീതി പരത്താനും കുപ്രചരണം നടത്താനും ശ്രമിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിലും നടപടി സ്വീകരിച്ചു. കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടന്നത്.

ജനപക്ഷ പദ്ധതികളെ രാഷ്ട്രീയ വൈരാഗ്യം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്ന ജീവനക്കാർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. അതേസമയം, പ്രതിപക്ഷ യൂണിയനിലെ പ്രവർത്തകരായ ജീവനക്കാർക്കെതിരായ നടപടിയിൽ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.