കേരളം

വാടകവീട് ഇടിച്ചുതകർത്ത സംഭവം; ദമ്പതികളെ മാറ്റാൻ വ്യാജ പരാതി

കൊല്ലം ചിതറയിൽ വാടക തർക്കത്തിനിടെ ദമ്പതികളുടെ വീടും കടയും ഇടിച്ചുനിരത്തി. ദമ്പതികളെ വ്യാജപരാതിയുടെ പേരിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്താണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തതെന്നാണ് ആരോപണം. കിടപ്പാടം നഷ്ടമായ ദമ്പതികൾ ഒടുവിൽ തകർന്ന വീടിന് സമീപം അന്തിയുറങ്ങേണ്ട അവസ്ഥയിൽ.

rent
rent

കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ദമ്പതികൾ വർഷങ്ങളായി താമസിച്ചിരുന്ന വീടും കടയും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുതകർത്ത സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി എഫ്ഐആർ. വാടകക്കാരായ അബ്ദുൽ വാഹിദിനെയും സുഹറ ബീവിയെയും വീട്ടിൽ നിന്ന് മാറ്റിനിർത്തുന്നതിനായി ഉടമകൾ പൊലീസിൽ വ്യാജ പരാതി നൽകിയെന്നാണ് എഫ്ഐആറിലെ ആരോപണം. ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്താണ് ദിൽബറും അൻവറും ചേർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീടും കടയും തകർത്തതെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ പരാതി നൽകിയെന്നും എഫ്ഐആറിൽ പറയുന്നു.

സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. വർഷങ്ങളായി താമസിച്ചിരുന്ന വീടും ഉപജീവനമാർഗമായ കടയും പൂർണമായി തകർന്നതോടെ അബ്ദുൽ വാഹിദിനും സുഹറ ബീവിക്കും കിടപ്പാടവും ജീവിതമാർഗവും നഷ്ടമായി. വീടിനുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടതായും ദമ്പതികൾ പറയുന്നു. വാടകക്കാരും ഉടമകളും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതി കേസ് നിലനിൽക്കുന്നതിനിടെയാണ് സംഭവം. തകർന്ന കെട്ടിടത്തിന് സമീപമാണ് ദമ്പതികൾ രാത്രി അന്തിയുറങ്ങിയത്. ഇതിനിടെ രാത്രി കല്ലേറുണ്ടായതായും ദമ്പതികൾ ആരോപിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.