കേരളം

വിഴിഞ്ഞം റെയിൽവേ പാതയിൽ 21 വീടുകൾ; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

വിഴിഞ്ഞം തുറമുഖത്തെ റെയിൽവേ ലൈനുമായി ബന്ധിപ്പിക്കുന്ന പാതയ്ക്ക് മുന്നിൽ ഭൂമിയേറ്റെടുക്കലടക്കം നിരവധി പ്രതിസന്ധികൾ. 2028ന് മുമ്പ് പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ, പാത കടന്നുപോകുന്ന പ്രദേശത്തെ 21 വീടുകൾ ആശങ്കയിൽ. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നു.

VIZHINJAM PORT
VIZHINJAM PORT


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിന് മുന്നിൽ ഭൂമിയേറ്റെടുക്കലടക്കം നിരവധി പ്രതിസന്ധികൾ. 2028ന് മുമ്പ് പദ്ധതി പൂർത്തിയാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ടെൻഡർ നടപടികളിലേക്ക് കടന്നിട്ടില്ല. പദ്ധതി രൂപരേഖയും പാരിസ്ഥിതിക അനുമതിയും ലഭിച്ച സാഹചര്യത്തിൽ അതിവേഗം ടെൻഡർ നടപടികളിലേക്ക് നീങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിനകത്ത് നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരെ 10.7 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ ദൂരം. തുറമുഖത്ത് നിന്ന് ഏകദേശം 150 മീറ്റർ അകലെയുള്ള കരിമ്പള്ളിക്കരയിൽ നിന്നാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുക. തുടർന്ന് 9.43 കിലോമീറ്റർ ദൂരത്തിൽ തുരങ്കത്തിലൂടെ റെയിൽപാത കടന്നുപോകും. വിഴിഞ്ഞം–മുക്കോല–ബാലരാമപുരം റോഡിന് സമാന്തരമായി ഏകദേശം 30 മീറ്റർ താഴ്ചയിലാണ് റെയിൽപാത നിർമിക്കുന്നത്.

ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലായി ആകെ 5.523 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം 1,482.92 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറിൽ പരിസ്ഥിതി സൗഹൃദമായ ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് ഉൾപ്പെടെയുള്ള സാങ്കേതിക രീതികളാണ് നിർദേശിച്ചിരിക്കുന്നത്.

അതേസമയം, പദ്ധതിയുടെ അലൈൻമെന്റിനെതിരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. തുരങ്കത്തിൽ നിന്ന് റെയിൽപാളം തുറമുഖത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മാത്രം 21 വീടുകളുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. തുറമുഖ വികസനത്തിനായി നേരത്തെ തന്നെ കിടപ്പാടവും ഭൂമിയും വിട്ടുനൽകേണ്ടിവന്ന സാഹചര്യത്തിൽ വീണ്ടും വീടുകൾ നഷ്ടപ്പെടുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്. അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. സർക്കാർ ടെൻഡർ നടപടികളിലേക്ക് നീങ്ങുമ്പോഴും പ്രദേശത്തെ ആശങ്കകൾക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.