മീനച്ചിലാർ കരകവിഞ്ഞു; കോട്ടയത്ത് ആയിരത്തിലേറെ വീടുകളിൽ വെള്ളം കയറി, 6,416 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
കോട്ടയം നഗരപരിസരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം; കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ 70 ശതമാനത്തിലധികം വീടുകളും ഇപ്പോഴും വെള്ളത്തിനടിയിൽ.
മീനച്ചിലാർ കരകവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് നാലാം ദിവസമായിട്ടും കോട്ടയത്ത് പ്രളയദുരിതത്തിന് ശമനമായിട്ടില്ല. കിഴക്കൻ മേഖലയിൽ മഴ കുറഞ്ഞെങ്കിലും കോട്ടയം നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുകയാണ്. ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്.
കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ 70 ശതമാനത്തിലധികം വീടുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയിൽ പ്രവർത്തിക്കുന്ന 141 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,383 കുടുംബങ്ങളിൽ നിന്നുള്ള 6,416 പേരാണ് കഴിയുന്നത്. ബന്ധുവീടുകളിലേക്ക് മാറിയവരും നിരവധിയാണ്. വെള്ളപ്പൊക്കം പതിനായിരത്തിലധികം പേരുടെ ജീവിതത്തെ ബാധിച്ചതായാണ് പ്രാഥമിക കണക്ക്.
ജില്ലയിലെ വിവിധ റോഡുകളിൽ ഗതാഗത തടസ്സം തുടരുകയാണ്. വെള്ളം കയറിയതിനാൽ കോട്ടയത്ത് നിന്ന് കുമരകം വഴി ചേർത്തലയിലേക്കുള്ള യാത്ര സാധ്യമല്ല. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മധ്യകേരളത്തിലെ മിന്നൽപ്രളയത്തിന് പ്രധാന കാരണങ്ങളിലൊന്നായി വേമ്പനാട്ടുകായലിന്റെ ശോഷണം ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ ജലസംഭരണ ശേഷി ഗണ്യമായി കുറഞ്ഞതായും ഏകദേശം 49 ശതമാനം വിസ്തൃതി നികത്തപ്പെട്ടതായും വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
മണ്ണ്, എക്കൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടി കായലിന്റെ ആഴം കുറഞ്ഞതോടെ പമ്പ, അച്ചൻകോവിൽ, മണിമല, പെരിയാർ തുടങ്ങിയ നദികളിലൂടെ എത്തുന്ന വെള്ളം വേഗത്തിൽ കായലിലേക്ക് ഒഴുകിപ്പോകാൻ കഴിയാതെ ജനവാസ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കായലിന്റെ ആഴം കൂട്ടുന്നതിനും പുനരുജ്ജീവനത്തിനുമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേരള ഫിഷറീസ് സർവകലാശാല (KUFOS), സി.ഡബ്ല്യു.ആർ.ഡി.എം. (CWRDM) തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായ പുനരുജ്ജീവന പദ്ധതി നടപ്പാക്കിയില്ലെങ്കിൽ മധ്യകേരളത്തിലെ ജില്ലകൾ ഭാവിയിലും കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടിവരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.