വിവരാവകാശ അപേക്ഷകരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറാൻ കൊച്ചി കോർപ്പറേഷൻ നീക്കം; എതിർപ്പുമായി എൽഡിഎഫ്
സ്ഥിരമായി വിവരാവകാശ അപേക്ഷകൾ നൽകുന്നവരെ നിരീക്ഷിക്കാനും അവരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറാനും കൊച്ചി കോർപ്പറേഷൻ കൗൺസിൽ തീരുമാനം. അപേക്ഷകരുടെ ചിത്രങ്ങൾ ഓഫീസിൽ പതിപ്പിക്കണമെന്ന യുഡിഎഫ് ആവശ്യത്തിനെതിരെ എൽഡിഎഫ് രംഗത്തെത്തി. നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എൽഡിഎഫ് കൗൺസിലർമാർ വിമർശിച്ചു.

വിവരാവകാശ നിയമപ്രകാരം സ്ഥിരമായി അപേക്ഷകൾ സമർപ്പിക്കുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇത്തരം അപേക്ഷകരുടെ വിവരങ്ങൾ ശേഖരിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കൗൺസിൽ നിർദേശം നൽകി. ശേഖരിക്കുന്ന വിവരങ്ങൾ വിജിലൻസിന് കൈമാറി അപേക്ഷകർക്കെതിരെ അന്വേഷണം നടത്താനും യോഗത്തിൽ തീരുമാനിച്ചതായാണ് വിവരം.
കൗൺസിൽ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാരാണ് സ്ഥിരമായി വിവരാവകാശ അപേക്ഷകൾ നൽകുന്നവരുടെ ചിത്രങ്ങൾ കോർപ്പറേഷൻ ഓഫീസിൽ പതിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അപേക്ഷകരെ 'വിവരാവകാശ തൊഴിലാളികൾ' എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.
അതേസമയം, കോർപ്പറേഷന്റെ നീക്കത്തിനെതിരെ എൽഡിഎഫ് കൗൺസിലർമാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് എൽഡിഎഫ് കൗൺസിലർ എലിസബത്ത് ടീച്ചർ വിമർശിച്ചു.
കൗൺസിൽ യോഗത്തിൽ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതായും എലിസബത്ത് ടീച്ചർ വ്യക്തമാക്കി.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.