തിരുവനന്തപുരം

‘മാണി സി കാപ്പനെ അയോഗ്യനാക്കണം’; പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം ചെയ്യണമെന്ന് സ്പീക്കർക്ക് കത്ത്

പരാതിക്കാരനായ ദിനേശ് മേനോന്റെ അഭിഭാഷകനാണ് സ്പീക്കർക്ക് കത്ത് നൽകിയത്. മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നും പാലാ നിയമസഭാ മണ്ഡലത്തിലെ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

saar
saar

തിരുവനന്തപുരം: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നൽകിയത്. മാണി സി കാപ്പന് രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം. പാലാ നിയമസഭാ മണ്ഡലത്തിലെ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയുൾപ്പെടെ നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി കാപ്പനെ ശിക്ഷിച്ചത്. മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് മാണി സി കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതോടെ ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു.

ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പന്റെ തീരുമാനം. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കാപ്പന്റെ നിലപാട്. വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും കേസിൽ അന്തിമവിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാണി സി കാപ്പനെതിരായ കോടതി വിധി രാഷ്ട്രീയ വിഷയമാക്കുകയാണ് ഇടതുപക്ഷം. സംഭവം പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.