തിരുവനന്തപുരം സംഘർഷം; വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം, പിണറായി സ്ഥലത്ത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് മർദ്ദനം നടന്നെന്ന ആരോപണത്തെ തുടർന്ന് പാളയത്ത് സംഘർഷം. സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്ഥലത്തെത്തി പൊലീസിനെതിരെ ആസൂത്രിത നടപടിയെന്ന ആരോപണം ഉന്നയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതിഷേധത്തിന് സാധ്യത.

എസ്എഫ്ഐ പ്രവർത്തകരെ ഹോസ്റ്റലിൽ കയറി പൊലീസ് മർദിച്ചെന്ന ആരോപണത്തെ തുടർന്ന് പാളയത്ത് സംഘർഷം രൂക്ഷമായി. സംഭവത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്ഥലത്തെത്തി. പൊലീസ് നടപടി ആസൂത്രിതമാണെന്ന് ആരോപിച്ച അദ്ദേഹം, യുഡിഎഫ് ഭരണകാലത്ത് ഹോസ്റ്റലിനെയും യൂണിവേഴ്സിറ്റി കോളേജിനെയും ലക്ഷ്യമിടുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും പറഞ്ഞു.
എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസും പൊലീസും ആക്രമണം നടത്തിയെന്നാണ് പിണറായി വിജയന്റെ ആരോപണം. യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് അംഗീകരിക്കാനാകാത്ത നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് തടഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ തർക്കം രൂക്ഷമായതോടെ പൊലീസ് ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തി. പാളയത്തും പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും ഗ്രനേഡ് പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. ഹോസ്റ്റലിന് പുറത്തുണ്ടായിരുന്ന കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയും പൊലീസ് ലാത്തിച്ചാർജ് നടത്തി.
സംഘർഷത്തിനിടെ എസ്എഫ്ഐയുടെ കൊടി കത്തിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി.
സംഘർഷം രൂക്ഷമായതോടെ ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. എഡിജിപി പി. വിജയൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഒരുവിഭാഗം പ്രവർത്തകർ ഹോസ്റ്റലിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു. പ്രദേശത്ത് ജലപീരങ്കി വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്.
നിലവിൽ പാളയം മേഖലയിൽ കനത്ത പൊലീസ് സന്നാഹമാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.