വേൾഡ്ടുഡേ

അൾജീരിയ–യുഎഇ നയതന്ത്ര ബന്ധത്തിൽ വിള്ളൽ; അൾജീരിയയുടെ നീക്കത്തിൽ പ്രതികരിച്ച് യുഎഇ

അൾജീരിയയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം താൽക്കാലികമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം. ലോകരാജ്യങ്ങളുമായി സഹകരണവും സൗഹൃദവും വളർത്തുന്ന നയമാണ് യുഎഇ പിന്തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

uae
uae

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം. അൾജീരിയയിലെ യുഎഇ അംബാസഡറോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ അൾജീരിയൻ ഭരണകൂടം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുഎഇയുടെ പ്രതികരണം.

ലോകരാജ്യങ്ങളുമായി സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്ന നയതന്ത്ര രീതിയാണ് യുഎഇ പിന്തുടരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിൽ കഴിയുന്ന 30,000ത്തിലധികം അൾജീരിയൻ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളുമായി ശക്തമായ സൗഹൃദബന്ധമാണ് രാജ്യത്തിനുള്ളതെന്നും മന്ത്രാലയം അറിയിച്ചു.

അൾജീരിയയുടെ നടപടിയിൽ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും പ്രതികരിച്ചു. നയതന്ത്ര ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത് വിവേകത്തോടെയും ആശയവിനിമയത്തിലൂടെയും വ്യക്തമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലുമാകണമെന്ന് അദ്ദേഹം പറഞ്ഞു. അവ്യക്തമായ സന്ദേശങ്ങളിലൂടെയോ കടങ്കഥകളിലൂടെയോ നയതന്ത്രം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ ശരിയായ രീതിയിൽ പരിഹരിക്കുന്നതിലാണ് വിജയകരമായ നയതന്ത്രം നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2013ൽ യുഎഇയുമായി ഒപ്പുവച്ച എയർ സർവീസ് കരാർ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അൾജീരിയ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് വിമാന സർവീസുകളെ ഉടൻ ബാധിക്കില്ലെന്ന് എംപയർ എയർലൈൻസും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര കരാർ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തരം നടപടികളെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

യുഎഇയുടെ നടപടികൾ അംഗീകരിക്കാനാകാത്ത നിലയിലെത്തിയെന്നും ഉഭയകക്ഷി ബന്ധം സംരക്ഷിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന തീരുമാനം അൾജീരിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ഇസ്രയേലുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള അബ്രഹാം അക്കോർഡ്, പശ്ചിമ സഹാറയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങൾ എന്നിവയിൽ അൾജീരിയയും യുഎഇയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. മൊറോക്കോയുമായുള്ള യുഎഇയുടെ അടുത്ത ബന്ധവും അൾജീരിയയെ അസ്വസ്ഥമാക്കിയതായി വിലയിരുത്തപ്പെടുന്നു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.