വേൾഡ്ടുഡേ

വീണ്ടും ഇന്ത്യക്കാർക്ക് തിരിച്ചടി; ഗ്രേസ് പിരിയഡ് അവസാനിപ്പിക്കാൻ ട്രംപ് നീക്കം, യുഎസ് കമ്പനികൾക്കും തിരിച്ചടി

വിദേശ തൊഴിലാളികളെ വൻതോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐടി കമ്പനികൾക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം വലിയ തിരിച്ചടിയായേക്കും. ഗ്രേസ് പിരിയഡ് അവസാനിപ്പിച്ചാൽ ഇന്ത്യൻ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെയും കമ്പനികളെയും തീരുമാനം ബാധിച്ചേക്കും.

trump1
trump1

അമേരിക്കയിൽ എച്ച്-1ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിക്കുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. നിർദേശം പ്രാബല്യത്തിൽ വന്നാൽ താത്കാലിക തൊഴിൽ വിസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ അമേരിക്കയിൽ തുടരുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരും.

നിലവിലെ നിയമപ്രകാരം എച്ച്-1ബി വിസയുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്തുന്നതിനായി പരമാവധി 60 ദിവസം വരെ അമേരിക്കയിൽ തുടരാൻ സാധിക്കും. ഈ കാലയളവ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം.

നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളെയായിരിക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കൻ ഐടി മേഖലയിൽ എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളുടെ എണ്ണം കൂടുതലാണ്.

എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് വർധിപ്പിച്ചതിന് പിന്നാലെയാണ് ഗ്രേസ് പിരീഡ് സംബന്ധിച്ച പുതിയ നീക്കവും ഉണ്ടായിരിക്കുന്നത്. വിദേശ തൊഴിലാളികളെ വലിയ തോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐടി കമ്പനികൾക്കും തീരുമാനം തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

വിദേശ തൊഴിലാളികൾക്ക് പകരം കൂടുതൽ അമേരിക്കൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. അതേസമയം, വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന കമ്പനികൾക്ക് പുതിയ നയം നിയമനത്തിലും ജീവനക്കാരുടെ നിലനിൽപ്പിലും വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.