അന്താരാഷ്ട്ര വാർത്തകൾ

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലിന് നേരെ സൈനികാക്രമണം; ചബഹാർ തുറമുഖത്തിന് സമീപം ആക്രമണം

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലിനു നേരെ സൈനികാക്രമണം നടന്നതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. അമേരിക്കയുടെ നടപടിക്ക് തിരിച്ചടിയായി ബഹ്‌റൈനിലെ വ്യവസായ മേഖലയിലേക്ക് ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, അമേരിക്കൻ യുദ്ധവിമാനത്തിനു നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി.

Burning Tanker

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലിനു നേരെ സൈനികാക്രമണം നടന്നതായി യുകെ മാരിടൈം ഏജൻസി വ്യക്തമാക്കി. ചബഹാർ തുറമുഖത്തിന് സമീപമാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ഇതിനിടെ, ഗൾഫിൽ ആശങ്കയുയർത്തി ബഹ്‌റൈനിലെ വ്യവസായ മേഖലയ്ക്ക് നേരെയും ഇറാൻ ആക്രമണം നടത്തി. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.

ഇറാൻ പഴയ ഇറാനല്ലെന്നും അമേരിക്ക യുദ്ധത്തിൽ പരാജയപ്പെട്ട രാജ്യമായി മാറിയെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പരിഹസിച്ചു.

രാത്രി 11 മണിക്ക് ശേഷമാണ് മനാമയിലെ വ്യവസായ മേഖലയ്ക്ക് നേരെ ഇറാൻ ആക്രമണമുണ്ടായതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് വിഭാഗം ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ലെങ്കിലും കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം.

സൈനിക താവളങ്ങൾക്കുപകരം സിവിലിയൻ മേഖലയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. പിന്നാലെ ബഹ്‌റൈനിലെ അൽ റിഫ, ഹവാലി മേഖലകളിലുള്ള അമേരിക്കൻ വ്യോമപ്രതിരോധ റഡാർ സംവിധാനങ്ങൾ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ സംയുക്ത ആക്രമണം നടത്തിയെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.

ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച് അമേരിക്ക എംക്യു-1, എംക്യു-9 ഡ്രോണുകൾ തുടർച്ചയായി അയച്ചതിനും ഹെങ്ഗാം ദ്വീപിലെ റഡാറിന് നേരെ നടത്തിയ ആക്രമണത്തിനുമുള്ള തിരിച്ചടിയാണിതെന്നാണ് ഇറാന്റെ വിശദീകരണം.

അമേരിക്കയെ പരിഹസിച്ച് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായിയും രംഗത്തെത്തി. 2026ലെ ഇറാൻ 1943ലെ ടെഹ്‌റാൻ കോൺഫറൻസിലെയോ 1945ലെ യാൽറ്റ കോൺഫറൻസിലെയോ ഇറാനല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.