കേരളം

'ചാഞ്ഞുറങ്ങൂ ഓമലേ, അമ്മയുണ്ടിനി ചാരെ'; കോഴിക്കോട്ടെ യുവതിയുടെ കാത്തിരിപ്പിന് വിരാമം, കുഞ്ഞിനെ കൈമാറി

നൊന്തു പ്രസവിച്ച കുഞ്ഞിനെ വളർത്താൻ നിർവാഹമില്ലാതായതോടെ, മാർച്ച് 12-ന് എട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയായിരുന്നു യുവതി. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുഞ്ഞിനെ വീണ്ടും അമ്മയുടെ കൈകളിലേക്ക് കൈമാറിയ ഹൃദയസ്പർശിയായ നിമിഷം.

mom
mom

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് അമ്മത്തൊട്ടിലിൽ ഏൽപ്പിച്ച നവജാത ശിശുവിനെ അമ്മയുടെ അഭ്യർഥന പ്രകാരം തിരികെ കൈമാറി. മനോരമ ന്യൂസ് നൽകിയ വാർത്തയെ തുടർന്ന് മന്ത്രി ഇടപെട്ടതോടെയാണ് നടപടികൾ വേഗത്തിലായത്.

കുഞ്ഞിനെ വളർത്താൻ കഴിയാത്ത സാഹചര്യത്തിൽ മാർച്ച് 12-ന് എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ യുവതി അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഒന്നര മാസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ പിരിഞ്ഞുള്ള വേദന സഹിക്കാനാകാതെ യുവതി ശിശു സംരക്ഷണ സമിതിയെ സമീപിച്ച് കുഞ്ഞിനെ തിരികെ നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി.

ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി ചെലവായ 25,000 രൂപ അടച്ചാൽ മാത്രമേ കുഞ്ഞിനെ കൈമാറാനാകൂ എന്ന നിലപാടിലായിരുന്നു അധികൃതർ. യുവതിയുടെ ദുരിതാവസ്ഥ വാർത്തയായതിനെ തുടർന്ന് മന്ത്രി വിഷയത്തിൽ ഇടപെട്ടു. ഡി.എൻ.എ പരിശോധനാഫലം അനുകൂലമാണെങ്കിൽ കുഞ്ഞിനെ ഉടൻ കൈമാറാൻ മന്ത്രി നിർദേശം നൽകി.

തുടർന്ന് ഡി.എൻ.എ പരിശോധനാഫലം പോസിറ്റീവായതോടെ കുഞ്ഞിനെ അമ്മയ്ക്ക് ഔദ്യോഗികമായി കൈമാറി. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം കുഞ്ഞിനെ വീണ്ടും ചേർത്ത് പിടിക്കാൻ അമ്മയ്ക്ക് സാധിച്ചതോടെ സംഭവത്തിന് ഹൃദയസ്പർശിയായ സമാപനമായി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.