കേരളം

കളക്ടർ ഉറങ്ങുകയാണോ? അവധി വൈകുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

കാലാവസ്ഥാ വകുപ്പ് 'റെഡ് അലർട്ട്' പ്രഖ്യാപിച്ചാൽ പൊതുവെ സ്കൂളുകൾക്ക് അവധി നൽകാൻ സാധ്യത കൂടുതലാണ്. എന്നാൽ അന്തിമ തീരുമാനം അതത് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടമാണ് എടുക്കുന്നത്. ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുകയും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക.

collector issue
collector issue

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കാലത്ത് ജില്ലാ കളക്ടർമാരുടെ സോഷ്യൽ മീഡിയ പേജുകളിൽ അവധി ആവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും കമന്റുകൾ പതിവാണ്. ചിലപ്പോൾ അതിരാവിലെ മാത്രമാണ് അവധി പ്രഖ്യാപിക്കുന്നത്. ഇതോടെ അവധി വൈകുന്നതിനെച്ചൊല്ലിയും വിമർശനങ്ങൾ ഉയരാറുണ്ട്.

ഇതിനിടെ, മഴ അവധി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കോഴിക്കോട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.

കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ സാധാരണയായി സ്കൂളുകൾക്ക് അവധി നൽകുന്നതാണ് പതിവ്. എന്നാൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചാൽ അതത് ജില്ലയിലെ സാഹചര്യം വിലയിരുത്തിയാണ് ജില്ലാ കളക്ടർ അന്തിമ തീരുമാനം എടുക്കുന്നത്.

കാലാവസ്ഥാ മുന്നറിയിപ്പ് മാത്രമല്ല, വെള്ളക്കെട്ട്, ഉരുൾപൊട്ടൽ സാധ്യത, നദികളിലെ ജലനിരപ്പ്, റോഡുകളുടെ സ്ഥിതി തുടങ്ങിയ പ്രാദേശിക വിവരങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനം. തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, ആർ.ഡി.ഒമാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകളും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലെ (AWS) വിവരങ്ങളും ഇതിനായി ഉപയോഗിക്കുന്നു.

മഴ പ്രവചനം മാത്രം നോക്കി അവധി പ്രഖ്യാപിക്കാനോ പ്രഖ്യാപിക്കാതിരിക്കാനോ കഴിയില്ലെന്നും ലഭ്യമായ എല്ലാ വിവരങ്ങളും വിലയിരുത്തിയാണ് തീരുമാനം എടുക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.

അവധി പ്രഖ്യാപനത്തിൽ കളക്ടർമാർ ഉദാസീനത കാണിക്കുകയാണെന്ന വിമർശനവും കളക്ടർ തള്ളി. രാത്രി വൈകിയും കാലാവസ്ഥാ വിവരങ്ങൾ വിലയിരുത്തിയും വിവിധ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് തീരുമാനമെടുക്കുന്നത്. ആവശ്യമില്ലാതെ അവധി നൽകുന്നതും, ആവശ്യമായ സമയത്ത് അവധി നൽകാതിരിക്കുന്നതും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും അതിനാൽ പരമാവധി കൃത്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അന്നത്തെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും, അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും പൊതുജനം മനസ്സിലാക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.