കാറ്റ് ശക്തമാകും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
ഓഗസ്റ്റ് 6 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45–55 കി.മീ. വേഗതയിലും ചില സമയങ്ങളിൽ 65 കി.മീ. വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കടലിൽ പോകാൻ ആലോചിക്കുന്ന മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്; ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
ഓഗസ്റ്റ് 6 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന സമുദ്രഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൂടാതെ ഓഗസ്റ്റ് 4 മുതൽ 6 വരെ തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും സമാന സാഹചര്യം തുടരുമെന്നും ഈ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയ സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.