കേരളം

കശുവണ്ടി ഇറക്കുമതി അഴിമതി: കെ.എ. രതീഷ് മൂന്ന് പദവികളും രാജിവെച്ചു

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഒന്നാം പ്രതിയായ കെ.എ. രതീഷ് മൂന്ന് സുപ്രധാന പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി ചോദ്യമുയർത്തി. വിഷയം സർക്കാർ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചതിന് പിന്നാലെയാണ് രതീഷ് പദവികൾ ഒഴിയാൻ തീരുമാനിച്ചത്.

ratheesh
ratheesh

തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ ഇറക്കുമതി അഴിമതിക്കേസിൽ പ്രതിയായ കെ.എ. രതീഷ് മൂന്ന് സർക്കാർ പദവികളിൽ നിന്ന് രാജിവെച്ചു. ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടർ, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എന്നീ സ്ഥാനങ്ങളാണ് അദ്ദേഹം ഒഴിഞ്ഞത്.

600 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലാണ് രതീഷ് പ്രതിയായിരിക്കുന്നത്. കശുവണ്ടി വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരിക്കെ തോട്ടണ്ടി ഇറക്കുമതിയിലൂടെ സർക്കാർ ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്.

അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നേരിടുന്ന ഒരാൾ മൂന്ന് സുപ്രധാന പദവികളിൽ തുടരുന്നത് എങ്ങനെയാണെന്ന് സർക്കാർ പരിശോധിക്കണമെന്ന് ഹൈക്കോടതി അടുത്തിടെ നിർദേശിച്ചിരുന്നു. ഈ സാഹചര്യം ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം സ്വദേശി കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി വിഷയത്തിൽ വിമർശനമുന്നയിച്ചത്. അഴിമതി ആരോപണം നേരിടുന്ന ഒരാളെ നിർണായക തസ്തികകളിൽ തുടരാൻ അനുവദിച്ചതിനെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

ഖാദി ബോർഡിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടക്കാനിരിക്കെ ഇത്തരം പദവികളിൽ അഴിമതി കേസിലെ പ്രതി തുടരുന്നതിനെതിരെ പരാതികളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ.എ. രതീഷ് മൂന്ന് പദവികളിൽ നിന്നും രാജിവച്ചത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.