കേരളം

കടുത്ത ചൂടിൽ കരിഞ്ഞുണങ്ങി മുന്തിരിത്തോട്ടങ്ങൾ; ഫ്രാൻസിൽ 70 വർഷത്തെ ഏറ്റവും വലിയ വൈൻ ഉൽപ്പാദനത്തകർച്ച

കടുത്ത ചൂടും വരൾച്ചയും ഫ്രാൻസിലെ മുന്തിരിത്തോട്ടങ്ങളെ ബാധിച്ചതോടെ വൈൻ ഉൽപ്പാദനം 70 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ഷാംപെയ്ൻ, ബർഗണ്ടി ഉൾപ്പെടെയുള്ള പ്രധാന വൈൻ മേഖലകളിലെ ഉൽപ്പാദനത്തകർച്ച കർഷകർക്ക് വലിയ വെല്ലുവിളിയാകുന്നു.

fruits
fruits

കടുത്ത ചൂടും വരൾച്ചയും കാരണം ഫ്രാൻസിലെ വൈൻ ഉൽപ്പാദനം 70 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. തുടർച്ചയായ മൂന്നാം വർഷമാണ് രാജ്യത്തെ വൈൻ ഉൽപ്പാദനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. ഫ്രാൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് ഈ വർഷം കടന്നുപോയത്. കടുത്ത ചൂട് രാജ്യത്തെ മുന്തിരിത്തോട്ടങ്ങളെയും സാരമായി ബാധിച്ചു. ആഗോള വൈൻ വിപണിയിൽ ഫ്രാൻസിനുള്ള ആധിപത്യത്തെയും പുതിയ പ്രതിസന്ധി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഉൽപ്പാദനം കുത്തനെ കുറയുന്നു

ഫ്രഞ്ച് സർക്കാർ ഏജൻസിയായ അഗ്രെസ്റ്റെയുടെ കണക്കുകൾ പ്രകാരം, ഈ വർഷം രാജ്യത്ത് ഏകദേശം 3.4 കോടി ഹെക്ടോലിറ്റർ വൈൻ മാത്രമാണ് ഉൽപ്പാദിപ്പിക്കപ്പെടുക. 2025നെ അപേക്ഷിച്ച് ആറ് ശതമാനവും കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനവും കുറവാണിത്.

പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ വിളവെടുപ്പിന് മുമ്പുതന്നെ മുന്തിരികൾ ഉണങ്ങിനശിച്ചു. ലോകത്തിലെ പ്രധാന വൈൻ കയറ്റുമതി രാജ്യങ്ങളിലൊന്നായ ഫ്രാൻസിലെ ഉൽപ്പാദനത്തകർച്ച ആഗോള വിപണിയിൽ വൈനിന്റെ ലഭ്യത കുറയാനും പ്രീമിയം വൈനുകളുടെ വില ഉയരാനും ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.

ഷാംപെയ്ൻ മുതൽ ബർഗണ്ടി വരെ തിരിച്ചടി

ഫ്രാൻസിലെ പ്രധാന വൈൻ മേഖലകളിലും ഉൽപ്പാദനത്തിൽ വലിയ ഇടിവാണ് പ്രതീക്ഷിക്കുന്നത്. ഷാംപെയ്ൻ മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം പകുതിയോളം കുറയുമെന്നാണ് വിലയിരുത്തൽ. കിഴക്കൻ ജൂറയിൽ 37 ശതമാനവും ബർഗണ്ടി-ബ്യൂജോലൈസ് മേഖലയിൽ ഏകദേശം മൂന്നിലൊന്നും ഉൽപ്പാദനം കുറയുമെന്നാണ് കണക്കുകൾ.

ബോർഡോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടുതീയും പ്രതിസന്ധി രൂക്ഷമാക്കി. കാട്ടുതീയിൽ നിന്നുള്ള പുക മുന്തിരികളിൽ പതിക്കുന്നത് വൈനിന്റെ രുചിയെയും ഗുണനിലവാരത്തെയും ബാധിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.

ഇറ്റലിയും സ്പെയിനും മുന്നേറുന്നു

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ വൈൻ ഉൽപ്പാദകരായിരുന്ന ഫ്രാൻസിന് ഇപ്പോൾ ഇറ്റലിയിൽ നിന്നുള്ള ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്. സ്പെയിനും മുന്നേറുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി സ്പെയിൻ ജലസേചന സൗകര്യങ്ങൾ ഉൾപ്പെടെ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമ്പോൾ, പരമ്പരാഗത രീതികളും കർശനമായ നിയന്ത്രണങ്ങളും ഫ്രഞ്ച് കർഷകർക്ക് വെല്ലുവിളിയാകുകയാണ്.

ഫ്രാൻസിലെ നിലവിലെ നിയമങ്ങളിൽ മുന്തിരിത്തോട്ടങ്ങളിൽ കൃത്രിമമായി ജലസേചനം നടത്തുന്നതിന് ഉൾപ്പെടെ നിയന്ത്രണങ്ങളുണ്ട്. എന്നാൽ കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായതോടെ ചില പ്രമുഖ വൈൻ ഉൽപ്പാദകർ കൂടുതൽ ജലസേചന സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുമതി തേടുകയും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലം ഫ്രാൻസിൽ മുന്തിരി വിളവെടുപ്പ് നേരത്തെയാകുന്നതും കർഷകർക്ക് പുതിയ വെല്ലുവിളിയാണ്. 1930കൾക്ക് ശേഷം ഓരോ ദശാബ്ദത്തിലും വിളവെടുപ്പ് ശരാശരി മൂന്ന് ദിവസം വീതം നേരത്തെയാകുന്നതായാണ് റിപ്പോർട്ടുകൾ.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.