കേരളം

മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത നിർദേശം

🚨 കേരളത്തിൽ മഴ ഭീഷണി രൂക്ഷം! 🌧️ സംസ്ഥാനത്ത് 9 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് നദികളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. കനത്ത മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ സംസ്ഥാനത്ത് മരണസംഖ്യ അഞ്ചായി.

red alert
red alert

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിലധികം മഴ ലഭിക്കാനാണ് സാധ്യത. കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ ലഭിക്കുമെന്നതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ അഞ്ച് നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ നദികളിലേക്കോ കരകളിലേക്കോ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും അപകടങ്ങളിലും സംസ്ഥാനത്ത് മരണം അഞ്ചായി. ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ജീവഹാനി റിപ്പോർട്ട് ചെയ്തത്. വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.