കേരളം

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഹ്രസ്വകാല കരാറുകൾക്ക് അനുമതി നൽകാത്തതിൽ കെഎസ്ഇബിക്കുള്ളിൽ വിമർശനം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അനുമതി നൽകാത്തതിൽ റഗുലേറ്ററി കമ്മീഷനെതിരെ കെഎസ്ഇബിക്കുള്ളിൽ വിമർശനം ശക്തമാകുന്നു. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കരാറുകൾ അനിവാര്യമാണെന്നാണ് കെഎസ്ഇബിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിക്ക് ഗുരുതരമായ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് റഗുലേറ്ററി കമ്മീഷന്റെ മുന്നറിയിപ്പ്.

KSEB Electricity

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് പൂർണ അനുമതി നൽകാത്തതിൽ റഗുലേറ്ററി കമ്മീഷനെതിരെ കെഎസ്ഇബിക്കുള്ളിൽ വിമർശനം. യൂണിറ്റിന് പത്ത് രൂപയിൽ താഴെയുള്ള കരാറുകൾക്ക് പോലും അനുമതി നിഷേധിച്ചതാണ് വിമർശനത്തിന് കാരണം. എന്നാൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിക്ക് ഗുരുതരമായ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലേക്ക് 2,050 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനാണ് കെഎസ്ഇബി അനുമതി തേടിയത്. എന്നാൽ ഇതിൽ 1,035 മെഗാവാട്ടിനുള്ള കരാറുകൾക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നിഷേധിച്ചു. ശേഷിക്കുന്ന 1,015 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയത്.

രാത്രി 12 മുതൽ രാവിലെ എട്ട് വരെയുള്ള ഓഫ് പീക്ക് സമയത്തും വൈദ്യുതി ഉപയോഗം കൂടുതലുള്ള പീക്ക് സമയത്തുമുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് കരാറുകൾക്ക് അപേക്ഷിച്ചത്. ഓഫ് പീക്ക് സമയത്ത് യൂണിറ്റിന് 7.25 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നിർദേശത്തിന് പോലും അനുമതി ലഭിച്ചില്ലെന്നാണ് കെഎസ്ഇബിയിലെ പരാതി.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പീക്ക് സമയത്ത് യൂണിറ്റിന് 13.89 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കത്തിനും കമ്മീഷൻ അനുമതി നിഷേധിച്ചു. ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം പത്ത് ശതമാനം വരെ കുറയ്ക്കാമെന്ന കമ്മീഷന്റെ നിരീക്ഷണത്തിനെതിരെയും ബോർഡിനുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്.

അതേസമയം, നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഗണിച്ചാണ് 1,015 മെഗാവാട്ട് വാങ്ങാൻ അനുമതി നൽകിയതെന്നും ഇത് ഭാവിയിൽ ഒരു കീഴ്‌വഴക്കമായി കണക്കാക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കി. അനുമതിയില്ലാതെ ഓഫ് പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനുള്ള വ്യക്തമായ നടപടികൾ കെഎസ്ഇബി ഇതുവരെ നിർദേശിച്ചിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. വൈദ്യുതി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിലും വിമർശനം ഉന്നയിച്ചു.

ശൈത്യകാലമായതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് അധിക വൈദ്യുതി മേയ് വരെ നീട്ടുന്നതിനും മറ്റ് സംസ്ഥാനങ്ങളുമായി വൈദ്യുതി ബാങ്കിങ് കരാറുകളിൽ ഏർപ്പെടുന്നതിനും ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

സിന്നാർ താപവൈദ്യുത പദ്ധതിയിൽ നിന്ന് ഡിസംബർ മുതൽ വൈദ്യുതി ലഭിക്കാനുള്ള സാധ്യതയും കമ്മീഷൻ ചൂണ്ടിക്കാട്ടി. വേനൽക്കാല ആവശ്യങ്ങൾക്കായി ജലസംഭരണികളിൽ വെള്ളം കരുതിവയ്ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ചാണ് ഹ്രസ്വകാല കരാറുകൾക്ക് ഭാഗിക അനുമതി നൽകിയിരിക്കുന്നത്.

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനൊപ്പം കെഎസ്ഇബിയുടെ സാമ്പത്തിക ബാധ്യത നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും റഗുലേറ്ററി കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.