കേരളം

മെസ്സിയുടെ പേരിൽ 213 കോടി തട്ടിപ്പ്; വായ്പയെന്ന വാദം തെറ്റെന്ന് ജിഎസ്ടി എസ്ഐടി

213 കോടിയുടെ ഇടപാടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; 75 കോടിക്കും ഈടായി കാണിച്ചത് മൂല്യം പെരുപ്പിച്ച വസ്തുവെന്ന് ജിഎസ്ടി എസ്ഐടി. 2024ലെ വിലയിരുത്തലിൽ വസ്തുവിന്റെ യഥാർത്ഥ മൂല്യം 9.94 കോടി മാത്രം.

റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിലെത്തിയ 213 കോടി രൂപ വായ്പയാണെന്ന വാദം നിലനിൽക്കില്ലെന്ന് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചിട്ടി സ്ഥാപനത്തിൽ നിന്ന് 137.15 കോടി രൂപയാണ് കമ്പനിയുടെ അക്കൗണ്ടിലെത്തിയത്. എന്നാൽ ഇതിൽ 100 കോടി രൂപയുടെ ഇടപാടിന് മാത്രമാണ് റിപ്പോർട്ടർ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി രേഖകളിലുള്ളതെന്ന് എസ്ഐടി ചൂണ്ടിക്കാട്ടുന്നു. ബാക്കി 37.15 കോടി രൂപ എങ്ങനെ അക്കൗണ്ടിലെത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്വേഷണ സംഘം പറയുന്നു.

ഇത്രയും വലിയ തുക കൈമാറുന്നതിന് ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡും അനുമതി നൽകിയതായി രേഖകളില്ല. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പാലിച്ചിട്ടില്ലെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. വായ്പയ്ക്ക് ഈടായി നൽകിയത് ഒപ്പിട്ട ചെക്കുകൾ മാത്രമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇതിന് പുറമെ, മറ്റൊരു സ്വകാര്യ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 75 കോടി രൂപയ്ക്കും മൂല്യം പെരുപ്പിച്ച് കാണിച്ച വസ്തുവാണ് ഈടായി നൽകിയതെന്നാണ് എസ്ഐടി കണ്ടെത്തിയത്. 2024ൽ തൃക്കാക്കര നോർത്ത് വില്ലേജിലെ ഈ വസ്തുവിന് നിശ്ചയിച്ചിരുന്ന മൂല്യം 9.94 കോടി രൂപയായിരുന്നു.

എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇതേ വസ്തുവിന്റെ മൂല്യം ഏകദേശം 15 മടങ്ങ് വർധിപ്പിച്ച് 154 കോടി രൂപയായി കാണിച്ചാണ് 75 കോടി രൂപ വായ്പയായി നേടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വസ്തുവിന്റെ മൂല്യം അസാധാരണമായി വർധിപ്പിച്ച് കാണിച്ച സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം നടത്തണമെന്നും എസ്ഐടി ശുപാർശ ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.