കേരളം

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്

മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ നേരിട്ട് ആശയവിനിമയം നടത്തിയതിന്റെ രേഖകൾ പുറത്ത്. അബ്ദുറഹിമാൻ നടത്തിയ ഇ-മെയിൽ ആശയവിനിമയങ്ങളിൽ കായിക സെക്രട്ടറിയെയോ കായിക ഡയറക്ടറെയോ ഉൾപ്പെടുത്തിയിട്ടില്ലെന്നതും രേഖകളിൽ നിന്ന് വ്യക്തമാകുന്നു.

messi
messi


തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി. അബ്ദുറഹിമാന്റെ ഇ-മെയിൽ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച ഇ-മെയിലാണ് പുറത്തുവന്നത്. കരാർ റദ്ദാക്കിയ എഎഫ്എയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് മെയിലിലൂടെ മുൻ മന്ത്രി നടത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യതയുണ്ടെന്നും മെയിലിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

“AFA–RBC കരാർ വെറും വാണിജ്യ കരാറല്ല. സർക്കാർ മുൻകൈയെടുത്തുള്ള ഉറപ്പാണ്. 130 കോടി ആളുകൾ കേരള സർക്കാരിനെ വിശ്വസിച്ചു. ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും ഈ കരാറിലുണ്ട്” എന്നാണ് മെയിലിൽ പറയുന്നത്. കേരളം നൽകിയ ഉറപ്പുകൾ അവഗണിച്ചതിൽ പ്രതിഷേധിക്കുന്നതായും മുൻ മന്ത്രി മെയിലിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തും. അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്.

പദ്ധതിയുടെ ഘടന തന്നെ വിചിത്രമാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചതെന്നും സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഉത്തരവുകളൊന്നും ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമായിരുന്നുവെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.