കേരളം

മുത്തങ്ങ വധശ്രമക്കേസ്; ഗീതാനന്ദനടക്കം നാലുപേർക്ക് അഞ്ചുവർഷം കഠിന തടവും ₹10,000 പിഴയും

മുത്തങ്ങ വധശ്രമക്കേസിൽ ഗീതാനന്ദനടക്കം നാല് പ്രതികൾക്ക് വിവിധ വകുപ്പുകളിലായി ആകെ 19 വർഷവും 7 മാസവും തടവും പിഴയും കോടതി വിധിച്ചു. എന്നാൽ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയാകും.

വയനാട് മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി. ഗീതാനന്ദൻ, രമേശൻ, അനിൽകുമാർ, ബിനു എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.

ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. താൻ പൊതുപ്രവർത്തകനാണെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും ഗീതാനന്ദൻ കോടതിയെ അറിയിച്ചെങ്കിലും അത് പരിഗണിച്ചില്ല.

വിവിധ വകുപ്പുകളിലായി പ്രതികൾക്ക് ആകെ 19 വർഷവും 7 മാസവും തടവും പിഴയും കോടതി വിധിച്ചു. എന്നാൽ എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ച് വർഷത്തെ കഠിന തടവ് മാത്രമാണ് അനുഭവിക്കേണ്ടത്.

കേസിൽ പരിക്കേറ്റ അബ്ദുൽ സലാമിന് മൂന്ന് ലക്ഷം രൂപ, ശശിധരന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ, കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.

അതേസമയം, പൊലീസ് ഉദ്യോഗസ്ഥൻ വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി നേരത്തെ വെറുതെവിട്ടിരുന്നു. രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കൊലപാതകത്തിൽ പ്രതിയെന്നും, ഇയാൾ മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൊലക്കേസിൽ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്നും വിധിയിൽ പറയുന്നു.

കോടതി വിധിയിൽ നിരാശയുണ്ടെന്ന് കൊല്ലപ്പെട്ട വിനോദിന്റെ കുടുംബം പ്രതികരിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.