പത്തനംതിട്ട മൂഴിയാർ ഡാമിന്റെ ഷട്ടർ ഉയർത്തി; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം
അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ പ്രവചനവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശക്തമായ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പത്തനംതിട്ടയിലെ മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് പരിധി പിന്നിട്ടതോടെയാണ് വെള്ളം കക്കാട്ടാറിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചത്.
കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നദിയിലിറങ്ങുന്നതും നദി മുറിച്ചുകടക്കുന്നതും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
സീതത്തോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മൂഴിയാർ ഡാമിലെ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 7 മണിക്ക് 190.45 മീറ്ററിലെത്തി. പരമാവധി സംഭരണനിരപ്പിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം. നദികൾ, ജലാശയങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതും അപകടകരമായ സ്ഥലങ്ങളിൽ സെൽഫി എടുക്കുന്നതും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.