കേരളം

പിണറായിക്കെതിരെ കേസെടുക്കാൻ ഇഡി ശുപാർശ; സർക്കാർ കേസെടുത്താൽ വൻ പ്രതിഷേധത്തിന് സിപിഎം

കേന്ദ്ര സർക്കാരിന് വേണ്ടി കേരളത്തിലെ കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുന്നുവെന്ന ആരോപണം ദേശീയ തലത്തിലും ഉയർത്തിക്കാട്ടാനാണ് സിപിഎമ്മിന്റെ തീരുമാനം. കേസെടുത്താൽ വിഷയം രാഷ്ട്രീയമായി ശക്തമായി ഉന്നയിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനുമാണ് നീക്കം.

pinarayi
pinarayi

സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന ഇഡിയുടെ ശുപാർശയിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം. കോൺഗ്രസ്–ബിജെപി ധാരണയെന്ന ആരോപണം ശക്തമായി ഉന്നയിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കേരളത്തിലെ കോൺഗ്രസ് സർക്കാർ കേന്ദ്ര സർക്കാരിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന ആരോപണം ദേശീയ തലത്തിലും പ്രചരിപ്പിക്കാനാണ് നീക്കം.

പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡിയുടെ ശുപാർശ സംബന്ധിച്ച് സംസ്ഥാന സർക്കാർ അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. ഇഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേസെടുക്കണോ, കേസ് രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ വിവരങ്ങൾ കൈമാറിയിട്ടുണ്ടോ, അതോ പ്രാഥമിക അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളിലാണ് നിയമപരിശോധന നടക്കുന്നത്.

വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായവും നിലനിൽക്കുന്നുണ്ട്. ഉടൻ കേസ് എടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, നടപടി രാഷ്ട്രീയമായി തിരിച്ചടിയാകുമോയെന്ന് പരിശോധിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. കേസെടുത്താൽ ബിജെപിക്ക് രാഷ്ട്രീയമായി മേൽക്കൈ ലഭിക്കാനുള്ള സാഹചര്യം കൂടി പരിഗണിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഉടൻ കേസെടുത്താൽ ബിജെപി–യുഡിഎഫ് ധാരണയെന്ന ആരോപണം സിപിഎം കൂടുതൽ ശക്തമായി ഉന്നയിച്ചേക്കും. അതേസമയം, കേസെടുക്കാതെ ഇഡി കോടതിയെ സമീപിക്കുന്നതുവരെ കാത്തിരുന്നാൽ ഇതുവരെ പിണറായി വിജയനെതിരെ നടപടിയെടുക്കുന്നതിനെ എതിർത്തുവെന്ന ആരോപണം ഉയരാനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷവും രാഷ്ട്രീയ കൂടിയാലോചനകൾ നടത്തിയുമാകും സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുക.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.